13 October, 2019 12:28:56 PM


ജപ്പാനില്‍ ഉറഞ്ഞാടി 'ഹാഗിബിസ്' കൊടുങ്കാറ്റ്: 11 മരണം; ആയിരങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങളില്‍



ടോക്കിയോ: ജപ്പാനില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഏറ്റവും വലിയ ചുഴലികൊടുങ്കാറ്റായ ഹാഗിബിസില്‍ 11 മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളെ സുരക്ഷാ കേന്ദ്രങ്ങളിലെ മാറ്റി. ചുഴലിക്കാറ്റിനേത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് ഇത്രയധികം മരണമുണ്ടായത്. ജപ്പാന്റെ സൈന്യമാണ് ഞായറാഴ്ച രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുള്ളത്. ശാന്തസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ കരയിലേക്ക് പ്രവേശിച്ച് വടക്കുദിശയിലൂടെ ഹോന്‍ഷൂ ലക്ഷ്യമാക്കി നീങ്ങുകയാണ്.


ജപ്പാന്റെ മധ്യനഗരമായ നഗനോയില്‍ കടുത്ത പ്രളയമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കുരകള്‍ പലതും നിലംപതിച്ചു. വൈദ്യുതിവിതരണവും റോഡ് യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. അപകടങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.


1417 ആളുകളെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എത്രത്തോളം ആളുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ബുള്ളറ്റ് ട്രെയിനുകള്‍ പലതും ചെളിയില്‍ മൂടിക്കിടക്കുകയാണ്. ഏഴ് ദശലക്ഷം ആളുകളോട് ഏത് നിമിഷവും മാറാന്‍ തയ്യാറാകുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 1958ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്നും മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയതായും ഏജന്‍സി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K