10 October, 2019 01:59:59 PM


ലൈറ്റ് ആന്‍റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ആറാമത് കോട്ടയം ജില്ലാ സമ്മേളനം 25ന് ഏറ്റുമാനൂരില്‍



കോട്ടയം:   ശബ്ദ, വെളിച്ച , പന്തൽ,  പരസ്യ പ്രക്ഷേപണ മേഖലയിൽ പ്രവർത്തിക്കുന്ന ഉടമകളും തൊഴിലാളികളും ടെക്നീഷ്യന്മാരും അനൗൺസർമാരും ഉൾപ്പെടുന്ന ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ ആറാമത് കോട്ടയം ജില്ലാ സമ്മേളനം ഒക്ടോബർ 25 ,26 തീയതികളിൽ വിവിധ പരിപാടികളോടെ ഏറ്റുമാനൂരില്‍ നടക്കും. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ഏറ്റുമാനൂര്‍ എംഎല്‍എ അഡ്വ.കെ.സുരേഷ്കുറുപ്പ്, മാണി സി കാപ്പന്‍ എംഎല്‍എ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. 25ന് പതാക, കപ്പി, കൊടിമര ജാഥകള്‍ നടക്കും. 26ന് പ്രതിനിധിസമ്മേളനം, പ്രകടനം, പൊതുസമ്മേളനം, ഗാനമേള എന്നിവയാണ് പ്രധാന പരിപാടികള്‍.


ഒരു ബഹുസ്വര സമൂഹത്തിന്‍റെ അവകാശ സമര തൊഴിൽ സംരക്ഷണ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സജീവ സാന്നിദ്ധ്യമായി കേരളത്തിന്റെ സമസ്ഥ ജില്ലകളിലും പ്രവർത്തിക്കുകയാണ് സംഘടന ഇന്ന്. അംഗങ്ങളുടെ കുട്ടികൾക്കായി അവരുടെ പഠന നിലവാരം ഉയർത്തുന്നതിനായി വിദ്യാഭ്യാസ അവാർഡുകൾ , അംഗങ്ങളാകുന്ന എല്ലാവർക്കും  സൗജന്യ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ , ഓരോ മേഖല കമ്മിറ്റികൾ സ്വയമേവ നടപ്പിലാക്കുന്ന വിവിധങ്ങളായ സുരക്ഷ ധനസഹായ - സേവന പദ്ധതികൾ, അംഗങ്ങളിൽ നിരാലംബരായവർക്ക് ആശ്രയമേകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ, ടെക്നീഷ്യന്മാർക്ക് ഉപകരണ പരിചയ പഠന ക്ലാസുകൾ , സ്വഭാവ രൂപീകരണത്തിനും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പിക്കാൻ കുടുംബ സംഗമങ്ങളും മോട്ടിവേഷൻ ക്ലാസുകളും , നാടിന്റെ ദുരന്തമുഖത്ത് സഹായഹസ്തമേ കാൻ കൈമെയ്യ് മറന്ന സഹായം , അംഗങ്ങൾക്ക് ഉണ്ടാകുന്ന അപകട ഘട്ടങ്ങൾ തരണം ചെയ്യാൻ യുവാക്കളെ അണിനിരത്തി ടാസ്ക് ഫോഴ്സ് , നിരാലംബരായ അംഗങ്ങൾക്ക് ഭവന നിർമ്മാണം, പെൻഷൻ പദ്ധതി  തുടങ്ങിയവ സംസ്ഥാന തലത്തിൽ പ്രവർത്തനം ആരംഭിച്ച് വളരെ കുറച്ച് നാളുകൾ കൊണ്ട് സംഘടന നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ചെറു രൂപമാണ്.


ഹൈടെക് യുഗത്തിലെത്തി നിൽക്കുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും മനുഷ്യൻ സാങ്കേതിക തത്വങ്ങളുടെ സർവ്വ സീമകളും ലംഘിച്ച് പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുമ്പോൾ മാറ്റത്തിനനുസൃതമായി മാറാൻ ഓരോ പ്രവർത്തകനും കഴിയേണ്ടതുണ്ട്. മേഖലയിലെ സാമ്പത്തിക ചൂഷണം അടക്കമുള്ള കാര്യങ്ങളിൽ ഉജ്ജ്വലമായ ചർച്ചകൾ നമുക്ക് സംഘടനാ തലത്തിൽ നടത്തേണ്ടതുണ്ട്. മിഥ്യയായ സൗഭാഗ്യ സങ്കൽപ്പങ്ങളിൽ ഉഴറി ദു:ഖവും മനോവേദനയും സാമ്പത്തിക പ്രശ്നങ്ങളുമല്ലാതെ മറ്റൊന്നും നേടാൻ കഴിഞ്ഞിട്ടില്ലാത്തവരെ കൂടുതൽ കർമ്മബോധമുള്ളവരാക്കി മാറ്റി സംഘടനാ സ്നേഹിതരാക്കി മാറ്റാൻ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രചാരണം കൂടിയാണ് ഈ സമ്മേളനമെന്ന് ഭാരവാഹികള്‍ പറയുന്നു. ഗ്രാമഫോൺ ആലേഖനം ചെയ്ത തൂവെള്ള കൊടിയുടെ കീഴിൽ ഒന്നായി അണിചേരാനുള്ള തയ്യാറെടുപ്പുകളിലാണ് ഓരോ പ്രവര്‍ത്തകരുമെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എഎംഎ റഷീദ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K