05 October, 2019 07:57:21 PM


മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും അനധികൃത കടകള്‍; നടപടിക്ക് ജില്ലാ വികസന സമിതി



കോട്ടയം: അനധികൃത തട്ടുകടകള്‍ ഒഴിപ്പിച്ച കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും കടകള്‍ നടത്തുന്നതിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എയാണ് യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്. വികസന സമിതിയുടെ തീരുമാനത്തെ തുടര്‍ന്ന് അനധികൃത കടകള്‍ പൂര്‍ണമായും ഒഴിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിച്ചുവെങ്കിലും വീണ്ടും കടകള്‍ തുടങ്ങുന്നത് അനുവദിക്കാനാവില്ല. ഒഴിപ്പിച്ച സ്ഥലം അതേ രീതിയില്‍ സംരക്ഷിക്കാന്‍ നടപടി വേണം - അദ്ദേഹം പറഞ്ഞു.


കച്ചവടക്കാരെ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കയ്യേറ്റമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ പ്രധാന റോഡുകളുടെയും നീളവും വിതിയും ചുമതല ഏതു വകുപ്പിനാണെന്നതും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ അതത് റോഡുകള്‍ക്കു സമീപം സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി. റോഡിന്‍റെ വിശദാംശങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പം വിപുലീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും തടസമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണിത്.


തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് ഈ വിഷയം അവതരിപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകളും ഏജന്‍സികളും ഇക്കാര്യത്തില്‍ അടിന്തരമായി തുടര്‍നടപടി സ്വീകരിക്കണമെന്നും റോഡുകളില്‍ കൃത്യമായ ദിശാ സൂചകങ്ങള്‍ സ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു. മണിപ്പുഴ ജംഗ്ഷനില്‍ തകരാറിലായ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കഴിഞ്ഞ ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ച വിഷയത്തിനു മറുപടിയായി കെ.എസ്.ടി.പി. അധികൃതര്‍ അറിയിച്ചു.  വടവാതൂര്‍ മോസ്കോ റോഡിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു.


ജില്ലയിലെ സ്കൂളുകളുടെ നവീകരണ ജോലികള്‍ നടപ്പാക്കുമ്പോള്‍ അധ്യാപക- രക്ഷാകര്‍ത്തൃ സമിതിയുടെ അഭിപ്രായം ആരായണമെന്നും സ്കൂളുകളുടെ ആവശ്യങ്ങള്‍കൂടി കണക്കിലെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും എന്‍. ജയരാജ് എം.എല്‍.എ നിര്‍ദേശിച്ചു.  നെടുംകുന്നം, താഴത്തുവടകര സര്‍ക്കാര്‍ സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പ്രളയം രൂക്ഷമായി ബാധിച്ച വൈക്കം മേഖലയിലെ റോഡുകളുടെ നവീകരണം വേദത്തിലാക്കണമെന്ന് സി. കെ. ആശ എം.എല്‍.എ ആവശ്യപ്പെട്ടു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.


പഴയിടം കോസ് വേയുടെ കൈവരി നിര്‍മ്മാണം സമയബന്ധിതമായി നടപ്പാക്കണമെന്നും മഴക്കാലത്ത് ഇടിഞ്ഞുവീണ മണിമലയിലെ റോഡിന്‍റെ പുനര്‍നിര്‍മാണം അടിയന്തരമായി നടപ്പിലാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദേശിച്ചു. ആന്‍റോ ആന്‍റണി എം.പിയുടെ പ്രതിനിധി ബാബു ജോസഫ്, എ.ഡി.എം  
ടി.കെ. വിനീത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എ.എസ് മായ തുടങ്ങിയവരും പങ്കെടുത്തു.  



Share this News Now:
  • Google+
Like(s): 265