05 October, 2019 10:31:47 AM


8000 രൂപയുടെ കഞ്ചാവിന് കേരളത്തിലെ വില 25000 രൂപയ്ക്കു മേല്‍; രണ്ട് പേര്‍ പിടിയില്‍




അടിമാലി: ബൈസൺവാലിയില്‍ കഞ്ചാവ് വിൽപ്പനയ്ക്കിടെ രണ്ട് പേര്‍ പിടിയില്‍. റ്റീ കമ്പനി കരയിൽ താമസക്കാരായ വെള്ളിലാം തടത്തിൽ വീട്ടിൽ ഗോവിന്ദൻ മകൻ മണി (52), അമ്പലശ്ശേരി വീട്ടിൽ അംഗത്തേവർ മകൻ ബൊക്കമായൻ എന്നിവരാണ് നാർകോട്ടിക് സ്ക്വാഡ് സംഘത്തിന്‍റെ പിടിയിലായത്. തമിഴ്നാട്ടിലെ ചെമ്പട്ടിയിൽ നിന്നും വാങ്ങിയ കഞ്ചാവ് വിൽപ്പന നടത്തുന്നതിനായി വെള്ളിയാഴ്ച രാത്രി കുഞ്ചിത്തണ്ണി – ബൈസൺവാലി റോഡിൽ പൊട്ടൻകാട് പമ്പ് ഹൗസ് ജംഗ്ഷനിലുള്ള സെന്‍റ് മേരീസ്‌ കപ്പേളയ്ക്കു സമീപം കാത്തു നിൽക്കുമ്പോഴാണ് ഇവർ രണ്ടു പേരും നാർകോട്ടിക് സ്ക്വാഡ് സംഘത്തിന്‍റെ വലയിലായത്.


കിലോഗ്രാമിന് 8000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നതെന്ന് നാർകോട്ടിക് സ്ക്വാഡ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഒരു മാസത്തിലധികമായി ഇവർ നാർകോട്ടിക് സ്ക്വാഡിലെ ഷാഡോ സംഘത്തിന്‍റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഒന്നാം പ്രതി മണിയുടെ പേരിൽ കള്ളത്തോക്ക് നിർമ്മാണത്തിന് മുൻപ് കേസുകളുള്ളതാണ്.  രണ്ടാം പ്രതി ബൊക്കമായന്‍റെ പേരിൽ കഞ്ചാവു കേസുകളും ഉണ്ട്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.  പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K