16 September, 2019 04:46:41 AM


മാണി സി. കാപ്പന്‍റെ സ്‌ഥാനാര്‍ഥിത്വം: എൻ.സി.പിയില്‍ പൊട്ടിത്തെറി; 42 പേര്‍ രാജിവച്ചു



കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ചമാത്രം ശേഷിക്കെ മാണി സി. കാപ്പന്റെ സ്‌ഥാനാര്‍ഥിത്വത്തെച്ചൊല്ലി എന്‍.സി.പി. കോട്ടയം ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. ദേശീയസമിതി അംഗം ജേക്കബ്‌ പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. രാജിക്കത്ത്‌ സംസ്‌ഥാന പ്രസിഡന്റ്‌ തോമസ്‌ ചാണ്ടിക്കു കൈമാറി. 


പാര്‍ട്ടിയിലെ ഏകാധിപത്യപ്രവണതയിലും മാണി സി. കാപ്പന്റെ സ്‌ഥാനാര്‍ഥിത്വത്തിലും പ്രതിഷേധിച്ചാണു രാജിയെന്നു ജേക്കബ്‌ പുതുപ്പള്ളി പറഞ്ഞു. ഉഴവൂര്‍ വിജയന്‍ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചു. മൂന്നുവട്ടം മത്സരിച്ചു തോറ്റ മാണി സി.കാപ്പനു പാലായില്‍ ജയസാധ്യതയില്ല. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. രാജിവച്ചെങ്കിലും മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നും ജേക്കബ്‌ പ്രതികരിച്ചു. 


ഏതാനും പേര്‍ എന്‍.സി.പി. വിട്ടതുകൊണ്ടു പാലായില്‍ ഒന്നും സംഭവിക്കില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിലേതു പോലെ എല്‍.ഡി.എഫിലും പ്രശ്‌നങ്ങളുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ചിലരെ ചട്ടുകമാക്കി. പാര്‍ട്ടി വിട്ടവര്‍ പുറത്തു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K