14 September, 2019 10:43:40 AM


'വ്യഭിചാരത്തിനും ദൈവനിന്ദക്കും എതിരെ സന്ദേശം': ഭര്‍ത്താവിന്‍റെ ലിംഗം ഛേദിച്ച് പ്രതികാരം; ഭാര്യ അറസ്റ്റില്‍



വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ 61 കാരനായ ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ചുമാറ്റി 56 കാരിയുടെ പ്രതികാരം. ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ ജെയിംസ് ഫ്രാബട്ടിന്‍ എന്ന വയോധികനാണ് ലിംഗം നഷ്ടപ്പെട്ടത്. ഇയാളുടെ ഭാര്യ വിക്ടോറിയ തോമസ് ഫ്രാബട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിരയായ ജയിംസാണ് തന്‍റെ ഭാര്യ തന്നെ കെട്ടിയിട്ട് ലിംഗം മുറിച്ചുമാറ്റിയെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചത്. 


ലിംഗം മുറിച്ചുമാറ്റാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമിയിട്ടില്ലെങ്കിലും വ്യഭിചാരത്തിനും ദൈവനിന്ദക്കും എതിരെയുള്ള സന്ദേശമായിട്ടാണ് ഇവര്‍ ഇത് ചെയ്തതെന്ന് പൊലീസ് സൂചന നല്‍കിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മുറിച്ചുമാറ്റപ്പെട്ട ഇയാളുടെ ലിംഗഭാഗം ഐസിലിട്ട് ആശുപത്രിയിലെത്തിച്ചു. ചെടി മുറിക്കുന്ന കത്രിക ഉപയോഗിച്ചാണ് ഇവര്‍  ലിംഗം മുറിച്ചത്. ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.


മുറിച്ചുമാറ്റപ്പെട്ട ലിംഗഭാഗം തുന്നിച്ചേര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. വലിയ രീതിയില്‍ രക്തം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ തുന്നിച്ചേര്‍ക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ പ്രതീക്ഷ. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച വിവരം ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ഉക്രെയിനിലും സമാനമായ സംഭവം നടന്നിരുന്നു. 30 വര്‍ഷമായി തന്നെ പീഡിപ്പിച്ച ഭര്‍ത്താവിന്‍റെ ലിംഗം മുറിച്ചുമാറ്റി കൊലപ്പെടുത്തിയാണ് 49 കാരിയായ ഭാര്യ പക തീര്‍ത്തത്. 



Share this News Now:
  • Google+
Like(s): 234