13 September, 2019 12:42:53 PM


മക്കള്‍ തനിച്ചാക്കിയ വൃദ്ധയായ അമ്മയ്ക്ക് ഓണവിരുന്ന് ഒരുക്കി പോലീസ്; ഒപ്പം മക്കള്‍ക്ക് താക്കീതും



ആലപ്പുഴ: ഏഴ് മക്കളുണ്ടായിട്ടും ഈ അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. ഓണനാളില്‍ കഷ്ടപ്പെട്ട് കഞ്ഞി മാത്രം വെച്ച 93കാരിയായ ത്രേസ്യാമ്മ ജോസഫിനൊപ്പം അവസാനനിമിഷം ഓണമാഘോഷിക്കാന്‍ എത്തിയത് പോലീസുകാര്‍. ഇവര്‍ എത്തിയതോടെ ആ  അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. മാത്രമല്ല, വൃദ്ധരായ മാതാപിതാക്കളെ തനിച്ചാക്കി നാടുവിടുന്ന മക്കള്‍ക്ക് ഒരു സന്ദേശവുമായി എടത്വാ പോലീസിന്‍റെ ഈ ഓണാഘോഷം.     

 

എടത്വാ ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോഴിമുക്ക് മുറിയിൽ പറപ്പള്ളിയിൽ ത്രേസ്യാമ്മ ജോസഫിന്‍റെ ഓണാഘോഷം അവിസ്മരണീയമായി മാറിയത് തീര്‍ത്തും അവിചാരിതമായി. ഏഴ് മക്കൾ  ജർമ്മനി തുടങ്ങി വിദേശരാജ്യങ്ങളിലും മറ്റു പലയിടങ്ങളിലുമായി അവരുടെ ജീവിത തിരക്കിന്‍റെ ഭാഗമായോ മറ്റോ കഴിയുന്നു. അമ്മയെ നോക്കാൻ അവർക്ക് സമയം കിട്ടുന്നില്ല. വീടിന്‍റെ ചുറ്റും ക്യാമറകൾ ഘടിപ്പിച്ച് അമ്മയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ട്.  ക്യാമറ കണ്ണുകളിലൂടെയാണ് പലപ്പോഴും മക്കൾ അമ്മയെ കാണുന്നത് തന്നെ.  



വയോധികർ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തന്നതിന്‍റെ ഭാഗമായി പോലീസ് സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജിന്‍റെ  നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഈ അമ്മയും. ഓണ നാളിൽ അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. കഷ്ടപ്പെട്ട് കഞ്ഞി മാത്രം വച്ചിട്ടുണ്ട് അവർ.  സഹായിക്കാൻ ആരുമില്ല. നല്ല നിലയിൽ കഴിയുന്ന മക്കൾ ഉണ്ടായിട്ട് പോലും അവരുടെ ഓണം ഈ അവസ്ഥയിലാണ്.  എന്തെങ്കിലും അപായം സംഭവിച്ചാൽ പോലും ആരും അറിയാൻ കഴിയാത്ത അവസ്ഥ,  സമീപത്തെ വീട്ടുകാരോട് ബന്ധപ്പെടാൻ പോലും അവർക്ക് കഴിയുന്നില്ല.



എന്തായാലൂം പോലീസുകാർക്ക് സകുടുംബം ഓണം ആഘോഷിക്കാൻ കഴിയില്ല. എന്നാൽ പിന്നെ ഈ അമ്മയോടൊപ്പം ഓണം കൂടാൻ സബ് ഇൻസ്‌പെക്ടർ സെസിൽ ക്രിസ്റ്റ് രാജും പോലീസുകാരും തീരുമാനിച്ചു. ഓരോ വിഭവങ്ങൾ ഓരോ പോലീസുകാരുടെ  വീടുകളിൽ  നിന്നും എത്തിച്ചു.  അവർ തന്നെ വിളമ്പിക്കൊടുത്ത് അമ്മയോടൊപ്പം ഇരുന്ന് ഓണസദ്യ കഴിച്ചു.  അമ്മയ്ക്ക് ഓണക്കോടി സമ്മാനിക്കാനും മറന്നില്ല. അതിന് ശേഷം മക്കളെയും ബന്ധുക്കളെയും  വിളിച്ച് അമ്മയുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തിയില്ലെങ്കിൽ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന്  താക്കീതും നൽകി.  


സ്റ്റേഷൻ പരിധിയിൽ ഇതുപോലെ പല വീടുകളിലും വയോധികർ  ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്.  ഈ വിവരം അറിഞ്ഞവർ, നാണക്കേട് ഭയന്ന്  ഓണം കഴിഞ്ഞെങ്കിലും  അവരുടെ വീടുകളിൽ എത്തുകയും വൃദ്ധരായ മാതാപിതാക്കളെ കൂട്ടിക്കൊണ്ട് പോകുകയോ അവരുടെ ബന്ധുക്കളെ വരുത്തി സുരക്ഷിതത്വം ഉറപ്പുവരുത്തുകയോ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  മാത്രമല്ല പലരും  ആ വിവരം സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ചെയ്തു. വയസ്സായ മാതാപിതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നതാണ് നമ്മുടെ സംസ്കാരം. അതിന് അപചയം സംഭവിക്കാൻ പാടില്ലെന്നും എസ്ഐ സെസിൽ ക്രിസ്റ്റ് രാജ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K