13 September, 2019 11:16:05 AM


പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി.സി.കാപ്പന് അനുകൂല തരംഗം; വെള്ളാപ്പള്ളി നടേശന്‍



ആലപ്പുഴ: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചനയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി. സി. കാപ്പന് അനുകൂല തരംഗമുണ്ടെന്നും ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ലെന്നും നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്‌എന്‍ഡിപി യോഗം നവോത്ഥാന നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.



നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പാര്‍ലമെന്‍റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സുഗതന്‍റെ രീതി ശരിയല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. സി.പി സുഗതന്‍ വെറും കടലാസ് പുലിയാണെന്നും ഒരു സുഗതന്‍ സമിതിയില്‍ നിന്ന് പോയതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവോത്ഥാന സമിതി വൈസ് പ്രസിഡന്‍റായിരുന്ന സുഗതന് പാര്‍ലമെന്‍ററി വ്യാമോഹമാണെന്നും പൂര്‍വ്വാധികം ശക്തിയോടെ തന്നെ സമിതി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K