05 September, 2019 11:55:56 PM


ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്‍റ് പൊളിച്ച് മാറ്റിയ നഗരസഭയുടെ നടപടി വിവാദത്തിലേക്ക്ഏറ്റുമാനൂർ: മത്സ്യമാർക്കറ്റിന്‍റെ ഭാഗമായ ഐസ് പ്ലാന്‍റ് സ്ഥാപിച്ചിരുന്ന മുറി ഉള്‍പ്പെടെ മത്സ്യവ്യാപാരത്തിന് ലേലം ചെയ്ത് കൊടുത്ത ഏറ്റുമാനൂർ നഗരസഭയുടെ നടപടി വിവാദത്തിലേക്ക്.  ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ആധുനിക സംവിധാനങ്ങളോടെ നിർമ്മിച്ച മത്സ്യ മാർക്കറ്റിലെ ഐസ് പ്ലാന്‍റാണ് ആരുമറിയാതെ ലേലം ചെയ്തത്. മത്സ്യ മൊത്തമാർക്കറ്റിലെ ഒരു മുറിയിലായിരുന്നു പ്ലാന്‍റ് സജ്ജീകരിച്ചിരുന്നത്. മാർക്കറ്റ് ലേലത്തിൽ പിടിച്ച വ്യക്തിയുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം ശീതീകരണി പൊളിച്ച് പുറത്തേക്ക് മാറ്റുകയായിരുന്നു.


ക്രയിൻ ഉപയോഗിച്ച് ശീതീകരണി പുറത്തേക്ക് ഇറക്കുന്നത് കണ്ടപ്പോഴാണ് കൗൺസിലർമാരിൽ പലരും സംഭവം അറിയുന്നത്. പ്ലാന്‍റ് ലേലം ചെയ്യുന്നത് സംബന്ധിച്ച കൗൺസിൽ തീരുമാനം ഉള്ളതായി തങ്ങൾക്കറിവില്ലെന്നാണ് കൗൺസിലർമാർ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ പ്ലാന്‍റ് ഉണ്ടെന്നറിയാതെയാണ് മുറികൾ ലേലം ചെയ്തതെന്നായി  ഭരണ സമിതിയിൽ ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ ഈ വാദം പൊളിച്ചടുക്കുന്നതായി റവന്യു ഇന്‍സ്പെക്ടറുടെ വെളിപ്പെടുത്തല്‍.

നിലവിലെ ചെയര്‍മാന്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ആധുനികമത്സ്യമാര്‍ക്കറ്റ് പണിതത്.  എന്നാല്‍ മാർക്കറ്റിലെ മൊത്ത - ചില്ലറ മത്സ്യവ്യാപാരികള്‍ ആരും ഇന്നേവരെ ഐസ് പ്ലാന്‍റ് ഉപയോഗിച്ചിട്ടില്ല. പുറത്തുനിന്നും കൊണ്ടുവരുന്ന ഐസാണ് ഇവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. തുരുമ്പെടുത്തു നശിക്കുന്ന ഐസ് പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന മുറി കൂടി കച്ചവടത്തിന് ലേലം ചെയ്തു നല്‍കിയാല്‍ നഗരസഭയ്ക്ക് അതൊരു വരുമാനമായിരിക്കും. ഈ വിധം റവന്യൂ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണത്രേ ലേലനടപടികള്‍ സ്വീകരിച്ചത്. അതേസമയം, പ്ലാന്‍റ് പ്രവർത്തനസജ്ജമല്ലെങ്കിൽ നന്നാക്കുന്നതിന് പകരം എടുത്ത് കളയുകയാണോ വേണ്ടതെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. 

ചെയർമാൻ, സെക്രട്ടറി എന്നിവരുടെ നിർദ്ദേശത്തോടെയായിരുന്നു താന്‍ ലേലനടപടികള്‍ സ്വീകരിച്ചതെന്നും റവന്യു ഇന്‍സ്പെക്ടര്‍ വെളിപ്പെടുത്തി. മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട് ചില ഭരണസമിതി അംഗങ്ങള്‍ക്കുള്ള പ്രത്യേക താൽപര്യം സംരക്ഷിക്കാൻ ചെയർമാനും സംഘവും ചേർന്ന് നടത്തിയ പ്രവ്യത്തിയാണിതെന്ന് റവന്യു ഇന്‍സ്പെക്ടറുടെ വെളിപ്പെടുത്തലോടെ തെളിഞ്ഞിരിക്കുകയാണെന്ന്  ഒരു വിഭാഗം കൗൺസിലർമാര്‍ പറയുന്നു. പ്ലാന്‍റ് ഉള്‍പ്പെട്ട മുറി ലേലത്തിലെടുത്ത മത്സ്യവ്യാപാരി ശീതീകരണി മാറ്റിയില്ലെങ്കില്‍ നഗരസഭയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെയാണത്രേ നടപടികള്‍ വേഗത്തിലാക്കിയത്.

എന്നാല്‍ ഐസ് പ്ലാന്‍റോ അതിരിക്കുന്ന മുറിയോ ലേലം ചെയ്യണമെന്ന് നഗരസഭാ കൌണ്‍സില്‍ തീരുമാമുണ്ടായിട്ടില്ലെന്നാണ് ഭൂരിഭാഗം കൌണ്‍സിലര്‍മാരും പറയുന്നത്. എന്നാല്‍ തീരുമാനം ഉണ്ടായിരുന്നുവെന്നുവെന്നാണ് ഭരണപക്ഷവും ലേലത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാനും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ചെയര്‍മാനും സംഘവും മിനിറ്റ്സില്‍ തീരുമാനം എഴുതിചേര്‍ത്തതാണെന്നും അംഗങ്ങള്‍ ആരോപിക്കുന്നു. കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യുക പോലും ചെയ്യാത്ത ഒട്ടേറെ കാര്യങ്ങള്‍ ഇതിനോടകം മിനിറ്റ്സില്‍ തീരുമാനങ്ങളായി കയറി കൂടിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. കൌണ്‍സില്‍ യോഗങ്ങളില്‍ മിനിറ്റ്സ് വായിക്കാത്തത് ഇത്തരം കള്ളത്തരങ്ങള്‍ പിടിക്കപ്പെടാതിരിക്കാനാണെന്നും പരാതിയുണ്ട്. എസ് പ്ലാന്‍റ് വിഷയം വെള്ളിയാഴ്ച നടക്കുന്ന കൗൺസിലിൽ ചർച്ചയ്ക്ക് എടുപ്പിക്കുമെന്ന് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.പി.മോഹൻദാസ് പറഞ്ഞു.


Share this News Now:
  • Google+
Like(s): 466