03 September, 2019 11:32:34 PM


ശബരിമലദര്‍ശനം സാധിച്ചില്ലേ? മേല്‍ശാന്തിയുടെ പാദം നമസ്‌കാരിക്കാം! പരിപാടിയുടെ ഉദ്ഘാടനവും അധ്യക്ഷനും സിപിഎം നേതാക്കൾ



കണ്ണൂർ: ശബരിമലയിലെത്തി അയ്യപ്പദര്‍ശനത്തിനു സാധിക്കാതെ പോയവര്‍ക്ക് നിയുക്ത ശബരിമല മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യുന്നതിനുള്ള അവസരമൊരുക്കി ഒരു പരിപാടി. ദര്‍ശനം സാധിക്കാതെ പോയവര്‍ക്കും പ്രായംചെന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരം. വിവേകാനന്ദ ട്രാവല്‍സ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.


കൂത്തുപറമ്പില്‍ സെപ്തംബര്‍ അഞ്ചിനു നടക്കുന്ന പരിപാടിയുടെ നോട്ടീസ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ ഒ.കെ വാസുവാണ്. സി.പി.ഐ.എം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി സുമേഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.


ശബരിമല ശ്രീധര്‍മ്മശാസ്താവിനെ കുളിപ്പിക്കാനും ഊട്ടിയുറക്കാനും അഭിഷേകം ചെയ്യാനും അനുഗ്രഹം സിദ്ധിച്ച ആളാണ് മേല്‍ശാന്തിയെന്നാണ് നോട്ടീസില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ മേല്‍ശാന്തിയെ പൊന്നാട അണിയിക്കുന്ന ചടങ്ങുമുണ്ട്. സ്വീകരണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണെന്നും അതില്‍ പറയുന്നു. കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടക്കുന്നത്. മുന്‍മന്ത്രി കെ.പി മോഹനന്‍, പി സത്യപ്രകാശ് മാസ്റ്റര്‍, അഡ്വ പി.വി നാസറുദ്ദീന്‍, കെ പ്രഭാകരന്‍, വി.കെ സുരേഷ് ബാബു തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K