31 August, 2019 07:45:14 PM


പാലായില്‍ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിച്ചു; 4ന് മുഖ്യമന്ത്രി പ്രചരണത്തിന് എത്തും



പാലാ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ ളാലം പഴയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുര്‍ബാനയിലും നൊവേനയിലും സംബന്ധിച്ച ശേഷം പിതാവ് ചെറിയാന്‍ ജെ. കാപ്പന്‍, മാതാവ് ത്രേസ്യാമ്മ എന്നിവരുടെ ശവകുടീരത്തില്‍ എത്തി പുഷ്പങ്ങള്‍ സമര്‍പ്പിച്ചു മെഴുകുതിരിയും കത്തിച്ച ശേഷമാണ് പത്രികാസമര്‍പ്പണത്തിനായി അദ്ദേഹം നീങ്ങിയത്.

ഗവ. ആശുപത്രി പടിക്കല്‍ റോഡ് ഷോയ്ക്കായി ഇടതു മുന്നണി പ്രവര്‍ത്തകരും നേതാക്കളും ഈ സമയം സ്ഥാനാര്‍ത്ഥിയെക്കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും പ്രവര്‍ത്തകരോടൊപ്പം കുരിശുപള്ളിക്കവലയില്‍ എത്തി. കുരിശുപള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ച ശേഷം ഇറങ്ങി വന്നപ്പോഴേക്കും കാത്തു നിന്ന ഓട്ടോ തൊഴിലാളികള്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊക്കൊപ്പം കെട്ടി വയ്ക്കാനുള്ള പണം സംഭാവനയായി നല്‍കി. തുടര്‍ന്ന് പുതിയ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തു. വി എന്‍ വാസവന്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ളാലം പഴയപള്ളിക്ക് സമീപം കട്ടക്കയം ബില്‍ഡിംഗ്‌സിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.  

അഡ്വ.അജി ജോസ്, അഡ്വ. തോമസ് വി ടി എന്നിവരുടെ നേതൃത്വത്തില്‍ നാമനിര്‍ദ്ദേശ പത്രിക എത്തിച്ചു. അവസാനവട്ട പരിശോധനകള്‍ക്കു ശേഷം സ്ഥാനാര്‍ത്ഥിക്ക് പത്രിക കൈമാറി. സ്ഥാനാര്‍ത്ഥിയും പത്രിക ഒരിക്കല്‍ക്കൂടി പരിശോധിച്ച ശേഷം പത്രികയില്‍ ഒപ്പുവച്ചു. തുടര്‍ന്നു വി എന്‍ വാസവന്‍, കെ. ജെ. തോമസ്, സി കെ ശശിധരന്‍, വക്കച്ചന്‍ മറ്റത്തില്‍, ഷാജി കടമല തുടങ്ങിയ എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പം പ്രവിത്താനത്ത് പ്രവര്‍ത്തിക്കുന്ന ളാലം ബ്ലോക്ക് ഓഫീസിലെത്തി പതിനൊന്നു മണിക്ക് വരണാധികാരി കൂടിയായ ബി ഡി ഓ ദില്‍ഷാദ് ഇ യുടെ പക്കല്‍ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ്  പത്രികളാണ് സമര്‍പ്പിച്ചത്. 

എല്‍ ഡി എഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് നാളെ തുടക്കം


പാലാ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് സെപ്തംബര്‍ 1ന് തുടക്കമാകും. തല പ്പലത്താണ് ആദ്യ കണ്‍വന്‍ഷന്‍. രണ്ടിന് കടനാട്, ഭരണങ്ങാനം, തലനാട്, കൊഴുവനാല്‍ പഞ്ചായത്തുകളിലും മൂന്നിന് പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, എലിക്കുളം, മുത്തോലി, കരൂര്‍, രാമപുരം, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലും കണ്‍വന്‍ഷന്‍ ചേരും. നാലിനു പാലായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 5, 6 തിയതികളില്‍ നിയോജകമണ്ഡലങ്ങളിലെ 176 ബൂത്തുകളിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും.

മാണി സി. കാപ്പനു വേണ്ടി കര്‍ഷക സ്‌ക്വാഡ്


പാലാ: മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാഷണലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ് എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും കര്‍ഷക സ്‌ക്വാഡ് രൂപീകരിച്ച്  പ്രവര്‍ത്തനം നടത്തും. ഇതിനായി 51 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K