26 March, 2016 10:33:04 AM


രാജ്യത്തെ വിദേശനാണ്യ ശേഖരത്തില്‍‍ റെക്കോര്‍ഡ് വര്‍ധനവ്



മുംബൈ: രാജ്യത്തെ വിദേശ നാണ്യശേഖരം റെക്കോഡ് ഉയരത്തിലെത്തി. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് 18ന് അവസാനിച്ച ആഴ്ചയില്‍ 355.9 ബില്യണ്‍ ഡോളറായി രാജ്യത്തെ വിദേശ നാണ്യശേഖരം.  ഇതിനുമുമ്പ് 2015 ജൂണ്‍ 27ലായിരുന്നു 355.4 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് ഉയരത്തില്‍ വിദേശ നാണ്യശേഖരമെത്തി.

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍) മാര്‍ച്ച് 18 പുറത്തുവിട്ട കണക്കുപ്രകാരം ജനവരി-മാര്‍ച്ച് കാലയളവില്‍ 15,665 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയിലിറക്കിയത്. ഡെറ്റ് വിപണിയിലാകട്ടെ 816 കോടി രൂപയും ഇവര്‍ നിക്ഷേപിച്ചു. 

ആഴ്ചകളായി നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടിരുന്ന ഓഹരി സൂചികകള്‍ അടുത്തയിടെ നേട്ടത്തിന്റെ പാതയിലാണ്. വിദേശ നിക്ഷേപകര്‍ വീണ്ടും രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങിയെന്നതിന്റെ തെളിവാണ് വിദേശ നാണ്യ ശേഖരത്തിലെ വര്‍ധന.  

വരുമാനം, പണപ്പെരുപ്പം, പണവായ്പ നയം തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥൂല സാമ്പത്തിക മേഖലയിലുണ്ടായ മെച്ചപ്പെട്ട സാഹചര്യം വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചതാണ് നാണ്യ ശേഖരത്തില്‍ വര്‍ധനവുണ്ടാക്കാനിടയാക്കിയതെന്ന് സാമ്പത്തികലോകം വിലയിരുത്തുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K