29 August, 2019 07:32:52 PM


തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി മാണി സി കാപ്പന്‍; 31ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും




പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. 31ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ളാലം ബ്ലോക്ക് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ 9 ന് പാലാ നഗരത്തിലെ വ്യാപാരികളെ നേരില്‍ കണ്ട് വോട്ടുകളഭ്യര്‍ത്ഥിച്ച ശേഷമാകും പത്രിക സമര്‍പ്പണത്തിന് പോകുക. ഇടതു മുന്നണി നേതാക്കള്‍ അനുഗമിക്കും. ഇന്ന് മണ്ഡലത്തിലെ മരണവീടുകളില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കയ്യൂര്‍, രാമപുരം, പാലാ മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ നേരില്‍ കണ്ട് മാണി സി. കാപ്പന്‍ വോട്ടുകളഭ്യര്‍ത്ഥിച്ചു. 


ഏറ്റുമാനൂരില്‍ സി പി എം ജില്ലാ പ്രവര്‍ത്തകയോഗത്തിലും ശേഷം കോട്ടയത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുത്തു. മാണി സി. കാപ്പനെ വി എന്‍ വാസവന്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. യോഗത്തിനുശേഷം ഘടകകക്ഷി നേതാക്കളുമായി തെരഞ്ഞെടുപ്പ് ആശയവിനിമയം നടത്തി. തിരികെ പാലായില്‍ എത്തിയ കാപ്പന്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വോട്ടുകളഭ്യര്‍ത്ഥിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. പഞ്ചായത്ത് കണ്‍വന്‍ഷനോടുകൂടിയാണ് രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമാകുന്നത്. നാലിന് വൈകിട്ട് ഇടതു മുന്നണി പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


ഇടതുമുന്നണി പ്രവര്‍ത്തകര്‍ പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചു. യു ഡി എഫ്,  ബി ജെ പി മുന്നണികളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലായതോടെ പ്രചാരണത്തിന്‍റെ ആദ്യ റൗണ്ടില്‍ ഇടതുമുന്നണി മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് ഇടതുമുന്നണി നേതാക്കള്‍ വിലയിരുത്തി. കെ എം മാണിയുടെ അസാന്നിദ്ധ്യം മറികടക്കാന്‍ യുഡിഎഫിനാവില്ലെന്നും ഇടതുമുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ ഇടതുമുന്നണിക്ക് മേല്‍കൈ വന്നിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K