26 August, 2019 04:44:41 PM


പ്ലസ് വൺ ഓണപ്പരീക്ഷയുടെ ചോദ്യ പേപ്പർ ചോർ‍ന്നു; ചോദ്യങ്ങള്‍ ബോര്‍ഡില്‍ എഴുതിയും പരീക്ഷ



ഇടുക്കി: പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർ‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂർ വൈകി അധ്യാപകർ ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി പരീക്ഷ നടത്തി.


പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എൽസി, ഹയർ സെക്കൻഡറി ഫൈനൽ പരീക്ഷകൾ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്. എന്നാൽ ഓണപരീക്ഷയുടെ ആദ്യ ദിനം തന്നെ പദ്ധതി പാളി.


ഇടുക്കിയിലെ എട്ട് സ്കൂളുകളിലാണ് ചോദ്യപ്പേപ്പർ ചോർന്നത്. അധ്യാപകർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോൾ ഹിസ്റ്ററി ചോദ്യപ്പേപ്പർ സ്കൂളിലേക്ക് ഇമെയിൽ ചെയ്തു. ഇത് സ്കൂളിൽ വച്ച് തന്നെ പ്രിന്‍റെടുത്ത് കുട്ടികൾക്ക് നൽകി 11 മണിക്ക് പരീക്ഷ ആരംഭിച്ചു. എന്നാൽ വൈദ്യുതിയില്ലാതിരുന്നതിനാൽ മലയോര മേഖലകളിലെ സ്കൂളുകളിൽ ചോദ്യങ്ങൾ ബോ‍‍ർഡിൽ എഴുതി നൽകിയാണ് പരീക്ഷ നടത്തിയത്. ചോദ്യപ്പേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K