26 August, 2019 11:40:47 AM


'പാലാ സീറ്റ് ആര്‍ക്കെന്ന് എല്ലാവര്‍ക്കും അറിയാം, ആരും അവകാശവാദം ഉന്നയിക്കേണ്ട': ജോസഫിനെ തള്ളി റോഷി അഗസ്റ്റിന്‍



കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ ജോസ് കെ. മാണി - പി.ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം വീണ്ടും രൂക്ഷം. പാലായിലെ സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം, അതില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ജോസ് കെ.മാണി വിഭാഗത്തില്‍ നിന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ രംഗത്തെത്തി.


അതേസമയം, കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി.ജെ.ജോസഫിന്റെ വാദവും റോഷി അഗസ്റ്റിന്‍ തള്ളിക്കളഞ്ഞു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ്.കെ. മാണിയെ ആണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.


പാലായില്‍ വിജയസാധ്യതയ്ക്കാണ് മുഖ്യ പരിഗണനയെന്നും, രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും പി.ജെ.ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയെന്നും, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലേയും ഫലം നോക്കി തീരുമാനം എടുക്കണമെന്നും ജോസഫ് പ്രതികരിച്ചിരുന്നു. ആരുടെയും പേരുകളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K