21 August, 2019 11:40:54 PM


മീൻപിടിക്കാൻ വള്ളത്തിൽ പോകുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വെള്ളത്തിൽ വീണ് മരിച്ചു




കോട്ടയം: വെള്ളത്തിൽ അലക്ഷ്യമായി താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി മീൻ പിടുത്തക്കാരനായ വയോധികന് ദാരുണാന്ത്യം. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വെള്ളത്തിലേയ്ക്ക് വീണ് ഇദ്ദേഹം മരിക്കുകയായിരുന്നു. കുമരകം കണ്ണാടിച്ചാൽ ആറ്റുപുറം രഘുവരനാണ്(70)  കെ.എസ് ഇ ബി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മരിച്ചത്. അര മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. ഇന്ന് വൈകിട്ട് ആറു മണിയോടെ കുമരകം പാറേക്കാട്ട് പാടശേഖരത്തിൽ ചെറുവള്ളവുമായി മീൻ പിടിക്കാൻ പോയതായിരുന്നു രാഘവൻ.

സാധാരണയിലും താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ ഇദ്ദേഹത്തിന്റെ തല മുട്ടി. ഷോക്കേറ്റ് രാഘവൻ ഉടൻ തന്നെ വെള്ളത്തിലേയ്ക്ക് വീണു. വൈദ്യുതി ലൈൻ പൊട്ടി വീണെന്ന് ഭയപ്പെട്ട നാട്ടുകാർ വെള്ളത്തിലിറങ്ങാൻ  തയ്യാറായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്ത ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K