21 August, 2019 09:49:30 PM


മുന്‍ ധനമന്ത്രി ചിദംബരം അറസ്റ്റിൽ: വീടിന്‍റെ മതിൽ ചാടി സിബിഐ; പകരം വീട്ടി അമിത് ഷാ




ദില്ലി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി ചിദംബരം അറസ്റ്റില്‍. ദില്ലിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. 

തീര്‍ത്തും നാടകീയമായായിരുന്നു അറസ്റ്റ്. ചിദംബരത്തിന്‍റെ ദില്ലിയിലെ ജോര്‍ ബാഗ് വസതിയുടെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘം അകത്തേക്ക് കടന്നത്. വീടിന്‍റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്. 

ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതി ആരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.  അല്‍പ്പസമയം മുന്‍പ് ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ പുറത്തേക്ക് കൊണ്ടുപോയത്. തടയാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പൊലീസ് അവരെ അറസ്ററ് ചെയ്ത് വലിച്ചിഴച്ച് മാറ്റുകയായിരുന്നുചിദംബരത്തിന്‍റെ വീടിന് മുന്നിൽ സംരക്ഷണ വലയം തീർത്ത് പോലീസ് നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ്‌ സംഘത്തിന്‍റെ പ്രതിഷേധം ഒരു വശത്ത് നടന്നപ്പോള്‍ മറുവശത്ത്  'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളിയും ഉയര്‍ന്നു കേട്ടു. 


തന്നെ അറസ്റ്റ് ചെയ്ത ചിദംബരത്തെ, തിരികെ അറസ്റ്റ് ചെയ്ത് അമിത് ഷാ

സൊഹ്‍റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത കാലത്ത് ആഭ്യന്തരമന്ത്രി പി ചിദംബരമായിരുന്നു. തിരികെ താൻ ആഭ്യന്തരമന്ത്രിയായപ്പോൾ ചിദംബരത്തെ അറസ്റ്റ് ചെയ്ത് അമിത് ഷായ്ക്ക് ഇത് ഒരു പകരംവീട്ടല്‍ കൂടിയായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K