21 August, 2019 04:30:11 PM


ബിയര്‍ കുപ്പിക്ക് അടിച്ചു വീഴ്ത്തിയ ശേഷം തലയില്‍ കൂടി കാര്‍ കയറ്റി യുവാവിനെ കൊന്നു



കായംകുളം: വാക്കേറ്റത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കാർ ഇടിച്ച് യുവാവിനെ കൊന്നു. കരീലക്കുളങ്ങര, പുത്തൻപുരക്കൽ ഷമീർ ഖാൻ (25) ആണ് മരിച്ചത്. ദേശീയ പാതയിൽ ടെക്സ്മോ ജംക്ഷനിൽനിന്നും പടിഞ്ഞാറോട്ട് ഇറങ്ങുന്ന റോഡിൽ ഇന്നലെ രാത്രി 11.30 ഓടെ ഹൈവേ പാലസ് ബാറിനു സമീപമായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കീരിക്കാട് തെക്ക് വല്യ വീട്ടിൽ ഷിയാസ് (21) നെ അറസ്റ്റ് ചെയ്തു.


ബാർ അടച്ചതിനു ശേഷം മദ്യം വാങ്ങാൻ കാറിലും ബൈക്കിലുമെത്തിയവർ റോഡിൽ നിന്ന് വഴക്കുണ്ടായി. തുടർന്ന് കാറിലെത്തിയവർ ഷമീർഖാന്‍റെ മുഖത്ത് ബിയർ കുപ്പി കൊണ്ട് അടിച്ചു. ഇതോടെ ഷമീർ മറിഞ്ഞു വീണു. കാറുമായി ഇവിടെ നിന്നും പോയ സംഘം തിരിച്ചെത്തി വീണ് കിടക്കുന്ന ഷമീറിന്‍റെ തലയിൽ കൂടി വണ്ടി കയറ്റി ഇറക്കുകയായിരുന്നു. നിർത്താതെ പോയ കാർ കിളിമാനൂരിൽ നിന്നും പൊലീസ് പിടികൂടി. കാറിന്‍റെ നമ്പർ പ്ലേറ്റ് ഇളകി വീണത് ലഭിച്ചതിനാൽ കാർ കണ്ടെത്താൻ എളുപ്പമായി. എരുവ സ്വദേശിയുടെ കാർ സംഘം വാടകയ്ക്ക് എടുക്കുകയായിരുന്നു എന്ന് കരുതുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K