19 August, 2019 08:04:54 PM


പ്രാദേശിക സഹായം നല്‍കുന്ന നിലയില്‍ കോളേജുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും: മന്ത്രി കെ.ടി. ജലീല്‍



കോട്ടയം: വിവിധ വിഷയങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള കണ്‍സള്‍ട്ടിംഗ് സംവിധാനമെന്ന നിലയില്‍ കോളേജുകളെ വളര്‍ത്താനാണ് ശ്രമമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. തൊഴിലധിഷ്ഠിത, ന്യൂജനറേഷന്‍ അപ്ലൈഡ് ഹ്രസ്വകാല പാര്‍ട്ട്ടൈം സര്‍ട്ടിഫിക്കറ്റ്, പി.ജി. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകള്‍ നടത്തുന്നതിനായി മഹാത്മാഗാന്ധി സര്‍വകലാശാല പുതുതായി ആരംഭിച്ച ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസിന്റെ (ഡി.എ.എസ്.പി.) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകൂടി ഗുണകരമാകുന്ന നിലയില്‍, പ്രാദേശിക സഹായം ലഭ്യമാകുന്ന വിധത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. വിവിധ വിഷയങ്ങളിലെ വൈജ്ഞാനിക രംഗത്തെ മാറ്റം അധ്യാപകര്‍ ആദ്യമറിയണം. വൈജ്ഞാനിക രംഗത്തെ മാറ്റങ്ങളെക്കുറിച്ച് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള സംരംഭങ്ങളെക്കുറിച്ച് ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.എ.എസ്.പി. അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി., സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റംഗം ഡോ. ആര്‍. പ്രഗാഷ്, രജിസ്ട്രാര്‍ പ്രൊഫ. കെ. സാബുക്കുട്ടന്‍, ഡി.എ.എസ്.പി. ഡയറക്ടര്‍ ഡോ. റോബിനറ്റ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

സര്‍വകലാശാല ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന് കീഴിലായി ആരംഭിച്ച നാല് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉദ്ഘാടനവും മന്ത്രി ഡോ. കെ. ടി. ജലീല്‍ നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഉല്പന്നങ്ങളും പ്രവര്‍ത്തനവും മന്ത്രി പരിശോധിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. കെ. സാബുക്കുട്ടന്‍, ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K