13 August, 2019 07:34:17 AM


കനത്ത മഴയ്ക്കു സാധ്യത: ജലനിരപ്പ് നിയന്ത്രിക്കാൻ നെയ്യാർ ഡാം തുറക്കും



തിരുവനന്തപുരം: നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും. ഓഗസ്റ്റ് 14, 15 തീയതികളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുൻനിർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്നലെ രാത്രി എട്ടിനുള്ള കണക്കു പ്രകാരം 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിൻ്റെ പരമാവധി സംഭരണ ശേഷി. നാളെ രാവിലെ 10ന് ആണ് ഷട്ടറുകൾ ഒരിഞ്ചു വീതം തുറക്കുന്നത്. നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കളക്ടർ പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K