10 August, 2019 08:10:38 AM


കിഴക്കൻ മേഖലയിൽ മഴ ശക്തമായി: തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു; സഞ്ചാരികൾക്ക് നിരോധനം




തെന്മല : കിഴക്കൻ മേഖലയിൽ മഴ ശക്തമായി. മഴയിലും കാറ്റിലും അച്ചൻകോവിൽ നാലു സെൻറ് കോളനിക്ക് സമീപം കുഴിയിൽ വീട്ടിൽ ശശാങ്കൻ പിള്ളയുടെ വീടിനു മുകളിലേക്ക് മരംവീണ് മേൽക്കൂരയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അച്ചൻകോവിൽ ഭാഗത്ത് ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും മൊബൈലിന്റെ സിഗ്നൽ തകരാറും ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

മഴ കനത്തതോടെ തെന്മല ഡാമിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസം 101.87 മീറ്ററായിരുന്ന ജലനിരപ്പ്‌ വ്യാഴാഴ്ചയോടെ 102.70 മീറ്റർ കടന്നു. ബുധനാഴ്ച രാവിലെവരെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 20 മില്ലിമീറ്റർ മഴ പെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച 48 മില്ലിമീറ്ററിലേക്ക് ഉയർന്നിട്ടുണ്ട്. ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമില്ല.

കിഴക്കൻ മേഖലയിലെ കുറ്റാലം, പാലരുവി ഉൾപ്പെടെയുള്ള ജലപാതങ്ങളിൽ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തി. പാലരുവിയിൽ കഴിഞ്ഞ ദിവസവും കുറ്റാലത്തും ഐന്തരുവിയിലും വ്യാഴാഴ്ച മുതലുമാണ് സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K