09 August, 2019 10:56:56 AM


വടകര വിലങ്ങാടിലെ ഉരുള്‍പൊട്ടലില്‍ 3 വീടുകള്‍ മണ്ണിനിടിയില്‍: 5 പേരെ കാണാനില്ല; 7 വീടുകള്‍ തകര്‍ന്നു



വടകര: പേമാരിയും മണ്ണിടിച്ചിലും നാശം വിതയ്ക്കുന്നതിനിടയില്‍ വടകര വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും വീടിനടിയിലായി. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും കാണാതായി വിവരമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. വിലങ്ങാട് അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പാലൂർ റോഡിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഉരുൾപൊട്ടിയത്.


ടൗണിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. വിലങ്ങാട് ആലുമൂലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഏഴു വീടുകൾ തകര്‍ന്നു. നാലു വീടുകളിൽ ആളുകൾ ഇല്ലായിരുന്നു. ഒരു വീട്ടിൽ ഒരു സ്ത്രീയും ഭർത്താവുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭർത്താവ് ദാസൻ രക്ഷപ്പെട്ടു. ഭാര്യയെ കാണാനില്ല.


മറ്റൊരു വീട്ടിലുള്ള മൂന്ന് പേരെയും കാണാനില്ല. ഒരു പിക്കപ്പ് വാൻ, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി. കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് സ്ഥലത്തേക്ക് എത്തിപ്പെടാൻ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുളളതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ജെസിബി എത്തിച്ച് മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ഇത് കാരണം വൈകുകയാണ്. നേരത്തേ വയനാട്ടിലെ പുത്തുമലയില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 60 ലധികം പേരെയാണ് കാണാതായിരിക്കുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K