07 August, 2019 11:42:52 AM


മദ്യപിച്ചിട്ടില്ലെന്ന് ശ്രീറാം മാത്രമെ പറയു; പഴുതടച്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി


Pinarayi Vijayan, Sreeram Venkitaraman, Case, Police


തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച് അന്വേഷണം നത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത അളവില്‍ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വണ്ടി ഓടിക്കാനുണ്ടായ സാഹചര്യം മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൃത്യസമയത്ത് രക്ത്തസാംപിള്‍ പരിശോധിക്കാത്തതിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വന്നിട്ടുണ്ട്. ഇത് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കും. വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ട്. അമിതവേഗത്തിൽ വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം വ്യക്തമായതിനാലും വഫ ഫിറോസിന് കുറ്റകൃത്യത്തില്‍ പങ്കുണ്ട് എന്നതിനാലും കൃത്യമായ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം തുടരുകയാണ്.


കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 89