02 August, 2019 06:26:54 PM


പെരുമ്പാവൂരില്‍ 15 കിലോഗ്രാം കഞ്ചാവുമായി യുവദമ്പതികള്‍ കസ്റ്റഡിയില്‍



- സ്വന്തം ലേഖകന്‍


പെരുമ്പാവൂര്‍: 15 കിലോഗ്രാം കഞ്ചാവുമായി ദമ്പതികള്‍ പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായി. തൊടുപുഴ കുമാരമംഗലം വില്ലേജ് ഏഴല്ലൂര്‍ മദ്രസ കവല ഭാഗത്ത് കളരിക്കല്‍ വീട്ടില്‍ നാസറിന്‍റെ മകന്‍ സബീര്‍ (31), ഇയാളുടെ രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുഴ ആനശ്ശേരി ഗോപിയുടെ മകള്‍ ആതിര (26) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും ന്യൂ ജെനറേഷന്‍ ബൈക്കില്‍ വലിയ ഷോള്‍ഡര്‍ ബാഗില്‍ നിറച്ച കഞ്ചാവുമായി വരവെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (DANSAF) സംഘവും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.


24 മണിക്കൂറിലേറെ സമയം സംഘാംഗങ്ങള്‍ പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് നിരീക്ഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. 6 മാസത്തിലേറെയായി നിരവധി തവണ തിരിപ്പൂരില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൊത്ത വിതരണം ചെയ്യുന്നതായി പ്രതികള്‍ സമ്മതിച്ചു. ക‍ഞ്ചാവും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തില്‍ ഇവരുടെ കൂടെയുള്ള മറ്റ് അംഗങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു. പ്രതികളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.


എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള കെ.കാര്‍ത്തികിന് ലഭിച്ച രഹസ്യ വിവരത്തിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. ഡിവൈഎസ്പി  കെ. ബിജുമോന്‍, പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി. എ. ഫൈസല്‍, എസ്ഐമാരായ ബേസില്‍ തോമസ്, കെ.പി. എല്‍ദോസ്, എഎസ്ഐമാരായ നിസ്സാര്‍, ഷാജി പി.എം., രാജേന്ദ്രന്‍, സജീവ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ്, രാജീവ്, വിനോദ്, സുനില്‍, സിപിഓമാരായ ശ്യാംകുമാര്‍, ജാബിര്‍, രഞ്ജിത്ത്, മനോജ് കുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ അഞ്ജു സുധീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K