28 July, 2019 08:29:42 PM


കെഎഎസ് സംവരണ വിരുദ്ധ സമരത്തിന് നേതൃത്വം നൽകും : മന്ത്രി സുധാകരനും സർക്കാരിനും എതിരെ ക്ഷത്രിയ ക്ഷേമസഭ



 

അമ്പലപ്പുഴ: സുപ്രീം കോടതി വിധി മറികടന്നു കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ പിന്നാക്ക സമുദായങ്ങൾക്കു സംവരണം നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരങ്ങൾക്കു നേതൃത്വം നൽകുമെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സംവരണ ആനുകൂല്യത്തിൽ ജോലി നേടിയവർക്കു വീണ്ടും സംവരണം നൽകാനുള്ള തീരുമാനം മുന്നാക്ക സമുദായങ്ങളോട് ചെയ്യുന്ന കൊടുംവഞ്ചനയാണ്. എൻഎസ്എസ് നൽകുന്ന സമരത്തിനു പിന്തുണ നൽകാനും ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. 

മുന്നാക്ക സമുദായങ്ങളെ അടച്ചാക്ഷേപിച്ചെന്ന പേരിൽ അങ്കം കുറിക്കപ്പെട്ട മന്ത്രിയുടെ നാട്ടിൽ കൊടിനാട്ടിയ ശേഷമാണ് ക്ഷത്രിയ ക്ഷേമസഭ സമര പ്രഖ്യാപനം നടത്തിയത്. ശബരിമല ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സമുദായ നേതാക്കളെയും ആക്ഷേപിച്ച മന്ത്രി ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ ക്ഷത്രിയ ക്ഷേമസഭ യൂണിറ്റ് രൂപീകരിച്ചതിലൂടെ സഭ തിരിച്ചടിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മുന്നാക്ക സമുദായങ്ങൾക്ക് അമ്പലപ്പുഴയിൽ നേതൃത്വം വഹിക്കാനും യോഗം തീരുമാനിച്ചു.

കൊട്ടാരങ്ങളെയും കോവിലക ങ്ങളെയും ആക്ഷേപിച്ച നടപടി നീതീകരിക്കാൻ കഴിയില്ല. ഷോഡശ സംസ്കാരം സംബ ന്ധിച്ച് ജില്ലാ അടിസ്ഥാനത്തിൽ ബോധവൽക്കരണ സെമിനാർ നടത്തും. ഇടതു സർക്കാരിന്റെ മുന്നാക്ക സമുദായ വിരുദ്ധ നയങ്ങൾ തുറന്നു കാട്ടുന്നതിനു പദ്ധതികൾ ആവിഷ്ക്കരിക്കാനും യോഗം തീരുമാനിച്ചു.

പ്രവർത്തക കൺവൻഷനും ക്ഷത്രിയ ക്ഷേമസഭ അമ്പലപ്പുഴ യൂണിറ്റും എസ്.ഡി. കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ആർ. ജിതേന്ദ്ര വർമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോ –ഓർഡിനേറ്റർ ആർ. രാമവർമ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ. എൻ. സുരേന്ദ്രനാഥ വർമ, ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാൻ, യു. അജിത്ത് വർമ, ടി.എസ്. ചെമ്പകവല്ലി തമ്പുരാട്ടി, വി.കെ. മധുകുമാർ വർമ, ആർ. രവിവർമ എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K