27 July, 2019 02:11:54 PM


700 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്‌സ്പ്രസ്; രക്ഷാപ്രവര്‍ത്തനം തുടരുന്നു



മുംബൈ: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ മഹാലക്ഷ്മി എക്സ്പ്രസില്‍ നിന്നും യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് 700 യാത്രക്കാരുമായി മഹാരാഷ്ട്രയിലെ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ് ട്രെയിന്‍ പെട്ടുകിടക്കുന്നത്. ട്രെയിനിയില്‍ രണ്ടായിരത്തോളം യാത്രക്കാരുണ്ടെന്നാണ് ആദ്യം പുറത്തുവന്ന വിവരമെങ്കിലും 700 പേരെ ട്രെയിനില്‍ ഉള്ളുവെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴി രക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്. മുംബൈയില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. പലയിടങ്ങളിലും വ്യാപക ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. പതിനൊന്നോളം വിമാനങ്ങളാണ് റദ്ദാക്കിയത്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ 30 മിനിട്ടോളം വൈകിയാണ് പുറപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K