24 July, 2019 07:00:11 PM


ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ മാറ്റാനുള്ള നീക്കം: ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ മാറ്റാനുള്ള ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ നീക്കം പാളുന്നു. സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയ്ക്കെടുത്ത ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തെതുടര്‍ന്ന് പിരിച്ചുവിട്ടു. സ്വന്തം മുന്നണിയിലെ അംഗങ്ങള്‍ പ്രതിപക്ഷത്തെ ഏതാനും അംഗങ്ങളെ കൂട്ടുപിടിച്ച് ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രണാതീതമായതോടെയാണ് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് ഇന്നലെ നടന്ന യോഗം പിരിച്ചു വിട്ടത്.

സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരെ 19 ആരോപണങ്ങള്‍ ഉന്നയിച്ച് 20 അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന രീതിയില്‍ ചെയര്‍മാന്‍ നിലകൊണ്ടത് ‍ജൂലായ് 9ന് നടന്ന കൌണ്‍സില്‍ യോഗവും ബഹളത്തില്‍ കലാശിക്കുകയായിരുന്നു. സെക്രട്ടറിയും സൂപ്രണ്ടും നല്‍കിയ വിശദീകരണം സ്വാഗതാര്‍ഹമല്ലെന്നും സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നിലപാടാണ് ചെയര്‍മാന്‍റേതെന്നും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തില്‍ കഴിഞ്ഞ കൌണ്‍സിലില്‍ ബഹളമുണ്ടായത്. അന്ന് കാര്യമായ തീരുമാനങ്ങള്‍ കൈകൊള്ളാതെ പിരിഞ്ഞ യോഗം ഇന്നലെ കൂടിയപ്പോഴും വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ഇവരുടെ ആരോപണം.

കഴിഞ്ഞ കൌണ്‍സില്‍ യോഗത്തിന്‍റെ മിനിറ്റ്സ് എഴുതിയിരിക്കുന്നത് പൂര്‍ണ്ണമല്ലെന്നും ഇവര്‍ ആരോപിച്ചു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളും അതിന്‍റെ വിശദീകരണവും മിനിറ്റ്സില്‍ പൂര്‍ണ്ണമായി എഴുതി ചേര്‍ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനിടെ കൌണ്‍സില്‍ യോഗങ്ങളുടെ മിനിറ്റ്സ് തയ്യാറാക്കി തൊട്ടടുത്ത യോഗത്തില്‍ അവതരിപ്പിക്കുന്ന പതിവ് ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇല്ലാത്തതിനെയും അംഗങ്ങള്‍ ചോദ്യം ചെയ്തു തുടങ്ങി. ഇന്നേവരെ കൌണ്‍സില്‍ യോഗങ്ങളില്‍ മിനിറ്റ്സ് അവതരിപ്പിച്ചിട്ടില്ല. ഏതെങ്കിലും അംഗം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് മാത്രം പകര്‍പ്പ് നല്‍കും. ഇത് മിനിറ്റ്സ് ബുക്കില്‍ തിരുത്തലുകള്‍ വരുത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നുവെന്നാണ് ആരോപണം.

എന്നാല്‍ സെക്രട്ടറിയെ മാറ്റാനുള്ള നീക്കത്തിനെതിരെ മറ്റൊരു വിഭാഗം കൌണ്‍സിലര്‍മാരും രംഗത്തുണ്ട്. ഇവരില്‍ പലരും സെക്രട്ടറിക്കെതിരെയുള്ള പരാതിയില്‍ ഒപ്പിട്ടവരാണ്. തങ്ങളുടെ വാര്‍ഡുകളിലെ പദ്ധതികള്‍ക്ക് പണം അനുവദിക്കില്ലെന്നും മറ്റുമുള്ള ഭീഷണികള്‍ക്ക് വഴങ്ങിയാണ് തങ്ങള്‍ പരാതിയില്‍ ഒപ്പിട്ടതെന്ന് ചിലര്‍ കൌണ്‍സില്‍ യോഗത്തില്‍ തുറന്നുപറഞ്ഞു. രാത്രികാലങ്ങളില്‍ നഗരസഭാ വാഹനത്തില്‍ എത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെകൊണ്ട് പരാതിയില്‍ ഒപ്പിടിവിക്കാന്‍ ശ്രമിച്ചതെന്ന് ബീനാ ഷാജി ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കുറ്റപ്പെടുത്തി.

സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് നാല് കൌണ്‍സിലര്‍മാര്‍ റീജനല്‍ ജോയിന്‍റ് ഡയറക്ടറെ സമീപിച്ചിരുന്നു. കൌണ്‍സില്‍ തീരുമാനമെടുത്ത് മിനിറ്റ്സ് ബുക്കില്‍ ചേര്‍ക്കാതെ ഇതേകുറിച്ച് ചിന്തിക്കാനാകില്ലെന്ന് ഇദ്ദേഹം പറഞ്ഞതിന്‍റെ വെളിച്ചത്തിലാണ് ആരോപണങ്ങള്‍ മിനിറ്റ്സില്‍ ഉള്‍കൊള്ളിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ബഹളം കൂട്ടുന്നതെന്ന് സിപിഎം പ്രതിനിധിയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.പി.മോഹന്‍ദാസ് പറഞ്ഞു. എന്നാല്‍ 35 അംഗ ഭരണസമിതിയില്‍ 18 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം കൌണ്‍സിലില്‍ അവതരിപ്പിക്കുകയും 51 ശതമാനം അംഗങ്ങളുടെ പിന്തുണ കൌണ്‍സിലില്‍ ലഭിക്കുകയും ചെയ്താല്‍ മാത്രമേ സെക്രട്ടറിക്കെതിരെ നടപടി സാധ്യമാകു എന്നും അദ്ദേഹം ചൂണ്ടികാട്ടി.

മുന്‍ സെക്രട്ടറി ജയകുമാറിന് സ്ഥാനചലനം ഉണ്ടായത് ഇതുപോലെ പ്രമേയം പാസാക്കിയതുകൊണ്ടാണ്. എന്നാല്‍ നിലവിലെ സെക്രട്ടറിക്കെതിരെ ഇത്തരമൊരു നീക്കത്തിന് കൂട്ടുനില്‍ക്കേണ്ട എന്നാണ് സിപിഎം തീരുമാനമെന്ന് മോഹന്‍ദാസ് പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം സെക്രട്ടറിക്കെതിരെ നിലകൊള്ളുന്ന സിപിഎം അംഗങ്ങള്‍ക്ക് ഇത്തരമൊരു പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാനാവാത്ത സ്ഥിതിയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ പ്രമേയം കൊണ്ടുവന്നാല്‍ പരാജയപ്പെടും എന്നതിനാലാണ് മിനിറ്റ്സില്‍ ആരോപണങ്ങള്‍ തിരുകികയറ്റി പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള നീക്കമെന്നും പറയപ്പെടുന്നു. 

കോണ്‍ഗ്രസ് അംഗങ്ങള്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ ചെയര്‍മാനെതിരെ തിരിഞ്ഞതും ആറ് മാസം കഴിയുമ്പോള്‍ അവിശ്വാസം കൊണ്ടുവരാന്‍ സാധ്യത ഉള്ളതും മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അവിശ്വാസം വന്നാല്‍ ജോര്‍ജ് പുല്ലാട്ടിന് പിന്തുണ നല്‍കി ഭരണം നിലനിര്‍ത്തുമെന്ന നിലപാടിലാണ് ഒരു വിഭാഗം സിപിഎം അംഗങ്ങള്‍. പാര്‍ട്ടി തീരുമാനത്തിനെതിരെ നില്‍ക്കാന്‍ പറ്റാത്തതിനാല്‍ ഇപ്പോള്‍ ചെയര്‍മാനെയും സെക്രട്ടരിയേയും എതിര്‍ത്ത് നില്‍ക്കുന്ന ഇടത് അംഗങ്ങളും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തേണ്ടിവരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K