15 July, 2019 08:26:10 PM


പ്രളയം: അപ്പീലുകളുടെ ഡാറ്റ എന്‍ട്രി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി; സൂക്ഷ്മപരിശോധന 18ന് അവസാനിക്കും

കൊച്ചി: പ്രളയപുനഃനിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും സ്വീകരിച്ച അപ്പീലുകളുടെ ഡാറ്റ എന്‍ട്രി നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവരശേഖരണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സാങ്കേതികവിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മപരിശോധന നടത്താനുള്ള അവസാന തീയതി ജൂലൈ 18 ആണ്. ഈ വിവരങ്ങള്‍ ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിവരെ മാത്രമേ  ജില്ലാ ഭരണകൂടത്തിന്‍റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കൂ.  


വിവിധ വകുപ്പുകളിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരാണ് അതത് പ്രദേശങ്ങളിലെത്തി വിവരശേഖരണവും സൂക്ഷ്മപരിശോധനയും നടത്തുന്നത്.  സൂക്ഷ്മപരിശോധനയുടെ വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അപ്പപ്പോള്‍ത്തന്നെ ജില്ലാ ഭരണകൂടത്തിന്‍റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യാനാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആനുപാതികമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ത്തുകാണുന്നില്ലെന്ന് ജില്ലാ കളക്ടര്‍ വിലയിരുത്തി. ഇത്തരത്തില്‍ വീഴ്ച വരുത്തുന്ന  ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.  വരും ദിവസങ്ങളില്‍ ലഭിക്കുന്ന സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍ത്തന്നെ അപ് ലോഡ് ചെയ്യാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K