14 July, 2019 05:35:05 PM


യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത്: മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു



തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ കൂടിയായ ആരോമല്‍, അദ്വൈത്, ആദില്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.


അതേസമയം കേസിലെ ഒന്നും രണ്ടും പ്രതികള്‍ എസ്എഫ്ഐ കോളേജ് യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറിമാരായ ശിവരഞ്ജിത്ത്, നസീമും ഇപ്പോഴും ഒളിവിലാണ്. ഇപ്പോള്‍ പിടിയിലായിരിക്കുന്ന ആരോമലും രണ്ടാം പ്രതി നസീമും കഴിഞ്ഞ വര്‍ഷം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് പൊലീസുകാരെ മര്‍ദ്ദിച്ച കേസിലെ പ്രതികളാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.


വെള്ളിയാഴ്ച നടന്ന കത്തിക്കുത്തിനെ തുടര്‍ന്ന് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചു വിടുകയും കേസില്‍ ഉള്‍പ്പെട്ടവരെ സംഘടനയില്‍നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം രണ്ട് ദിവസത്തെ അവധി തീര്‍ന്ന് തിങ്കളാഴ്ച കോളേജ് തുറന്ന ശേഷമേ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടിയുണ്ടാവൂ എന്നാണ് കോളേജ് പ്രിന്‍സിപ്പള്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K