11 July, 2019 01:25:46 PM


സഭാതര്‍ക്കം: വയോധികയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം സെമിത്തേരിക്ക് പുറത്ത് സംസ്കരിച്ചു



കായംകുളം: ഓര്‍ത്തഡോക്സ് - യാക്കോബായ സഭാതര്‍ക്കത്തെ തുടര്‍ന്ന് സംസ്കാര ചടങ്ങുകൾ നടത്താൻ കഴിയാതിരുന്ന കായംകുളം സ്വദേശി മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹം കാദിശ പള്ളി സെമിത്തേരിക്ക് പുറത്ത് സ്വന്തം സ്ഥലത്ത് കല്ലറ ഒരുക്കി സംസ്കരിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം യാക്കോബായ സഭ അംഗീകരിച്ചതോടെയാണ് ഒരാഴ്ചയിലധികം നീണ്ടുനിന്ന തര്‍ക്കത്തിന് പരിഹാരമായത്.


84-കാരിയായ മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹം സംസ്കരിക്കാത്ത വിഷയത്തിൽ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. എത്രയും വേഗം സംസ്കാരം നടത്താൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നൽകി. തുടർന്ന് യാക്കോബായ വിഭാഗവും ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് സെമിത്തേരിക്ക് പുറത്തുള്ള സ്ഥലത്ത് കല്ലറ ഒരുക്കി സംസ്കാരം നടത്താൻ തീരുമാനമായത്. യാക്കോബായ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കല്ലറ ഒരുക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.


കായംകുളത്തെ കാദീശ ഓർത്തഡോക്സ് - യാക്കോബായ പള്ളികൾ കാലങ്ങളായി ഒരു സെമിത്തേരിയാണ് ഉപയോഗിച്ചുവരുന്നത്. സഭാത‍ർക്ക കേസിൽ 2013ൽ, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി വന്നശേഷം ഇടവകയിൽ ഓരോ മരണം ഉണ്ടാകുമ്പോഴും യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ച് സംസ്കാരം നടത്താനുള്ള ഉത്തരവ് വാങ്ങുകയാണ് പതിവ്. എന്നാൽ പുതിയ സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതി യാക്കോബായ സഭയ്ക്ക് അനുകൂല ഉത്തരവ് നൽകിയില്ല. 


അന്ത്യകർമ്മങ്ങൾ ഓർത്തഡോക്സ് വിഭാഗം വൈദികൻ നടത്തട്ടെയെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. എന്നാല്‍, ഇത് യാക്കോബായ വിഭാഗത്തിന് സ്വീകാര്യമല്ലായിരുന്നു. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. തര്‍ക്കത്തിനൊടുവില്‍ സംസ്കാരം നടത്താൻ പുതിയ സ്ഥലം സാജമായതോടെ കാദീശ പള്ളികൾ തമ്മിൽ ഏറെകാലമായുള്ള തർക്കത്തിനുകൂടിയാണ് താൽകാലികമായെങ്കിലും പരിഹാരമാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K