09 July, 2019 03:17:49 PM


ഏറ്റുമാനൂര്‍ നഗരസഭ: യുഡിഎഫ് ചെയര്‍മാനെതിരെ യുഡിഎഫ് അംഗങ്ങള്‍; ഭരണം സ്തംഭിപ്പിക്കാന്‍ നീക്കംഏറ്റുമാനൂര്‍: സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച പരാതികള്‍ ചര്‍ച്ചയ്ക്കെടുത്ത ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തെതുടര്‍ന്ന് കാര്യമായ തീരുമാനങ്ങള്‍ എടുക്കാനാവാതെ പിരിഞ്ഞു. തനിക്കെതിരെ സ്വന്തം മുന്നണിയിലെ അംഗങ്ങള്‍ ആരോപണങ്ങളുമായി തിരഞ്ഞതോടെയുണ്ടായ ബഹളം നിയന്ത്രണാതീതമായതോടെ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് യോഗം പിരിച്ചു വിടുകയായിരുന്നു.


സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന രീതിയില്‍ ചെയര്‍മാനും ഒരു വിഭാഗം കൗണ്‍സിലര്‍മാരും നിലപാടെടുത്തതോടെയാണ് യോഗം ബഹളമയമായത്. ബഹളം കൂട്ടിയ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ചില സിപിഎം അംഗങ്ങള്‍ കൂടി ചേര്‍ന്നു. ഭരണമുന്നണിയിലെ ഒരു വിഭാഗം ചെയര്‍മാനെതിരെ തിരിഞ്ഞതോടെ സ്വന്തം ചെയര്‍മാനെ വിശ്വാസമില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരാന്‍ സിപിഎം അംഗമായ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് വെല്ലുവിളിച്ചു. ആറ് മാസം തികയട്ടെ എന്നായിരുന്നു ഒരു കോണ്‍ഗ്രസ് അംഗത്തിന്‍റെ മറുപടി.


ഇതോടെ കസേര തെറിച്ചാലും അവിഹിതമായി ഒന്നും ചെയ്യുന്നതിന് താന്‍ കൂട്ടുനില്‍ക്കില്ലാ എന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു. ഒപ്പം നഗരസഭയിലെ വഴിവിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചിലത് അദ്ദേഹം വെളിപ്പെടുത്തിയത് അംഗങ്ങളെ ചൊടിപ്പിച്ചു. നഗരസഭയില്‍ ചിലര്‍ നടത്തിവന്ന അഴിമതിയ്ക്ക് സെക്രട്ടറി കൂട്ടുനില്‍ക്കാത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ വഷളായതിന് കാരണമെന്ന് ചെയര്‍മാന്‍ ചൂണ്ടികാട്ടി. മൂന്നര വര്‍ഷമായി നഗരസഭയില്‍ സാധനങ്ങള്‍ വാങ്ങുന്നതും പദ്ധതികള്‍ക്ക് പണം അനുവദിച്ചിരുന്നതും മറ്റും ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചായിരുന്നു. എന്നാല്‍ പ്രൊക്യുര്‍മെന്‍റ് കമ്മറ്റി പുനസംഘടിപ്പിക്കുകയും പദ്ധതിപ്രവര്‍ത്തനങ്ങള്‍ അപ് ലോഡു ചെയ്യുന്നതിനുള്ള പാസ് വേര്‍ഡ് സെക്രട്ടറി പ്രത്യേകം സൂക്ഷിക്കാന്‍ തുടങ്ങിയതും ഇവര്‍ക്ക് കനത്ത തിരിച്ചടിയായി മാറി. ഇതാണ് പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് ചില കൗണ്‍സിലര്‍മാര്‍ വെളിപ്പെടുത്തിയതിനെ പിന്താങ്ങി ചെയര്‍മാനും സംസാരിച്ചു. 


സെക്രട്ടറി ധിക്കാരിയും അഹങ്കാരിയും ആണെന്നാണ് വൈസ് ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപിക്കുട്ടന്‍ അഭിപ്രായപ്പെട്ടു. കൈക്കൂലി മോടിച്ചതോ എന്തെങ്കിലും അഴിമതി നടത്തിയതായോ സെക്രട്ടറിക്കെതിരെ ആര്‍ക്കെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ എന്ന സിപിഎമ്മിലെ എന്‍.വി. വിനീഷിന്‍റെ ചോദ്യത്തിന് ആര്‍ക്കും മറുപടി ഉണ്ടായില്ല. നഗരസഭയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന സെക്രട്ടറിയെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നതു വരെ അദ്ദേഹത്തിന്‍റെ അഴിമതികള്‍ അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിച്ച അംഗങ്ങള്‍ ഇപ്പോള്‍ ഈ സെക്രട്ടറിക്കെതിരെ കൊണ്ടുവന്ന ആരോപണങ്ങള്‍ ഒറ്റനോട്ടത്തില്‍ എന്തിനെന്ന് മനസിലാകുമെന്നും വിനീഷ് ചൂണ്ടികാട്ടി.


നഗരസഭാ സെക്രട്ടറിയും അവരുടെ ഓഫീസും ഇപ്പോള്‍ കൃത്യമായി ജോലികള്‍ തീര്‍ക്കുന്നുണ്ട് എന്ന് പറഞ്ഞ ചെയര്‍മാന്‍ എഞ്ചിനീയറിംഗ് വിഭാഗം കുത്തഴിഞ്ഞ നിലയിലാണെന്ന് സമ്മതിച്ചു. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ അടക്കം ജീവനക്കാരെ ഉച്ചകഴിഞ്ഞ് ഓഫീസില്‍ കാണാനില്ലെന്നും ഇവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എഴുതുന്നതിനാലാണ് ഈ ദാര്‍ഷ്ട്യമെന്നും കുറ്റപ്പെടുത്തിയ ചെയര്‍മാന്‍ നഗരസഭയില്‍ രണ്ട് ഹാജര്‍ ബുക്ക് എന്ന പതിവ് ഇനി മുതല്‍ മാറ്റുകയാണെന്നും പ്രഖ്യാപിച്ചു. 10.20ന് താന്‍ ഹാജര്‍ ബുക്ക് എടുക്കുമെന്നും താമസിച്ചുവരുന്നവര്‍ക്കെതിരെ നടപടികള്‍ എടുക്കുമെന്നും പറഞ്ഞു. പണത്തിന് പിന്നാലെ 'കുപ്പി'യും നല്‍കിയാലേ നടപടികള്‍ നടക്കു എന്ന സ്ഥിതിയാണ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എന്ന് ബിജെപി അംഗം ഉഷാ സുരേഷ് ആരോപിച്ചു.


വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കാത്തതിന് സെക്രട്ടറിയെ ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് സെക്രട്ടരിക്കെതിരെയുള്ള പരാതിയില്‍ വരെ എത്തിയത്. ആദ്യം 9 ആരോപണങ്ങള്‍ ഉന്നയിച്ച് 15 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയമാണ് ചെയര്‍മാന് ലഭിച്ചത്. എന്നാല്‍ നിയമസാധുത ഇല്ലെന്ന് പറഞ്ഞ് ചെയര്‍മാന്‍ ഈ പരാതി തള്ളി. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ആരോപണങ്ങള്‍ 19 ആയി ഉയര്‍ന്നു. ഒപ്പിട്ടവരുടെ എണ്ണം 20ഉം. ഇത് ചൂണ്ടികാട്ടിയ ചെയര്‍മാന്‍റെ നടപടി സെക്രട്ടറിയെ സംരക്ഷിക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് അംഗങ്ങളായ ടോമി പുളിമാന്‍തുണ്ടം, മാത്യു വാക്കത്തുമാലി, ബിജു കൂമ്പിക്കന്‍ തുടങ്ങിയവര്‍ ആരോപിച്ചു.


നഗരസഭയില്‍ ഭരണസ്തംഭനം ഉണ്ടാക്കുക എന്ന രീതിയിലായി പിന്നീട് ഭരണപക്ഷത്തെ കൗണ്‍സിലര്‍മരുടെ നീക്കം. കൂട്ടുകക്ഷിഭരണമായിട്ടും ഒരുമയില്ലാതെ തമ്മില്‍തല്ലുന്ന പ്രവണത മൂലം നാട്ടില്‍ ഇറങ്ങി നടക്കാനാവാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പറഞ്ഞ അംഗങ്ങള്‍ ഇതിന് മാറ്റം വന്നില്ലെങ്കിലും സെക്രട്ടറിയെ മാറ്റിയാലും ഭരണസ്തംഭനം ഉറപ്പാണെന്ന് ചൂണ്ടികാട്ടി. പക്ഷെ അതംഗീകരിക്കാന്‍ ആരോപണം ഉന്നയിച്ചവര്‍ തയ്യാറായില്ല. മൂന്നര വര്‍ഷമായി ഭരിച്ചിട്ടും ഇപ്പോള്‍ മാത്രമാണോ പ്രശ്നങ്ങള്‍ യുഡിഎഫ് അംഗങ്ങള്‍ മനസിലാക്കിയതെന്ന് ഒരു വിഭാഗം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതും ബഹളത്തിനിടയാക്കി.


കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയര്‍മാനെതിരെ തിരിഞ്ഞതും ആറ് മാസം കഴിയുമ്പോള്‍ അവിശ്വാസം കൊണ്ടുവരാന്‍ സാധ്യത ഉള്ളതും മുതലെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോള്‍. അവിശ്വാസം വന്നാല്‍ ജോര്‍ജ് പുല്ലാട്ടിന് തങ്ങള്‍ പിന്തുണ നല്‍കി ഭരണം നിലനിര്‍ത്തുമെന്ന നിലപാടിലാണ് ഒരു വിഭാഗം സിപിഎം അംഗങ്ങള്‍. പാര്‍ട്ടി തീരുമാനത്തിനെതിരെ നില്‍ക്കാന്‍ പറ്റാത്തതിനാല്‍ ഇപ്പോള്‍ ചെയര്‍മാനെ എതിര്‍ത്ത് നില്‍ക്കുന്ന ഇടത് അംഗങ്ങളും ഇതിനോട് യോജിക്കേണ്ടി വരും. സെക്രട്ടറിക്കെതിരെ കൌണ്‍സില്‍ യോഗത്തില്‍ എടുക്കുന്ന തീരുമാനത്തിന് കൂട്ടുനില്‍ക്കരുതെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ സെക്രട്ടറിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കൌണ്‍സിലില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ കൃത്യമായ വിശദീകരണം നല്‍കണമെന്ന് പറഞ്ഞ് തടിതപ്പുകയായിരുന്നു പരാതിയില്‍ ഒപ്പിട്ട സിപിഎം അംഗങ്ങള്‍.


ഫയലുകള്‍ മുങ്ങുന്നു; രാത്രിയുടെ മറവില്‍ വാഹനങ്ങളുടെ അനധികൃത ഓട്ടം


ഏറ്റുമാനൂര്‍: നഗരസഭയുടെ ഫയലുകള്‍ പലതും ഓഫീസില്‍ നിന്നും നഷ്ടപ്പെട്ടതായി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്. സെക്രട്ടറിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കവെ നഗരസഭയില്‍ നടന്നുവരുന്ന അഴിമതികള്‍ ഒന്നൊന്നായി വെളിപ്പെടുത്തിയ കൂടെയാണ് ഫയലുകള്‍ മുങ്ങുന്ന വിവരവും ചെയര്‍മാന്‍ ചൂണ്ടികാട്ടിയത്. പല രേഖകളും നഗരസഭയില്‍ നിന്ന് കാണാതാവുന്നത് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും അതുകൊണ്ടുതന്നെ ആറ് മണിക്കുശേഷം ജീവനക്കാര്‍ ആരും ഓഫീസില്‍ കാണരുതെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ചെയര്‍മാന്‍ പറഞ്ഞു.

വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഓഫീസ് സമയം കഴിഞ്ഞും രാത്രികാലങ്ങളില്‍ പലയിടത്തും ദുരഹസാഹചര്യങ്ങളില്‍ കാണപ്പെടുന്നതും വിവാദമായി. ഇന്നലെ നടന്ന കൗണ്‍സിലില്‍ സിപിഎമ്മിലെ എന്‍.വി.ബിനീഷാണ് ഇത് ചൂണ്ടികാട്ടിയത്. സെക്രട്ടറി, സൂപ്രണ്ട് എന്നിവര്‍ക്കെതിരെ ഒപ്പ് ശേഖരണം നടത്തുന്നതിന് ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ വാഹനം ദുരുപയോഗം ചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി. ഇങ്ങനെ വാഹനം ഓടിയതിന് ലോഗ്ബുക്ക് ചോദിച്ചപ്പോള്‍ അത് ഹാജരാക്കാനോ മറുപടി നല്‍കാനോ ചെയര്‍മാന് കഴിഞ്ഞില്ല. അതേസമയം, ഇനിമേലില്‍ ഓഫീസ് ആവശ്യത്തിനല്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും 5 മണിക്കുശേഷം വാഹനങ്ങള്‍ അനുമതിയില്ലാതെ പുറത്ത് കൊണ്ടപോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ചെയര്‍മാന്‍ അറിയിച്ചു. 

അസമയത്ത് തങ്ങളുടെ വീട്ടില്‍ നഗരസഭാ വാഹനത്തില്‍ എത്തിയാണ് യുഡിഎഫിലെയും എല്‍ഡിഎഫിലെയും ചില കൗണ്‍സിലര്‍മാര്‍ പരാതിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതെന്ന് ബിജെപി അംഗം പുഷ്പലതയും സ്വതന്ത്ര അംഗമായ ബീനാ ഷാജിയും വെളിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കില്‍ തങ്ങളുടെ വാര്‍ഡിലേക്കുള്ള പദ്ധതിവിഹിതം വെട്ടികുറയ്ക്കുമെന്നുള്ള ഭീഷണിയോടൊപ്പം ഒപ്പിട്ടാല്‍ അത് കൂട്ടിതരാമെന്ന വാഗ്ദാനവും ഇവര്‍ നടത്തിയെന്ന് അംഗങ്ങള്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് ഔദ്യോഗികകാര്യങ്ങള്‍ക്ക് പോകാന്‍ പോലും വാഹനം കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍ ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റോസമ്മ സിബി ആവശ്യപ്പെട്ടു.
Share this News Now:
  • Google+
Like(s): 906