06 July, 2019 09:02:15 PM


ചേട്ടനെ തിരഞ്ഞുവന്ന കഞ്ചാവ് മാഫിയാ ആള് മാറി അനിയനെ വെട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍



കായംകുളം : ചേട്ടനെ തിരഞ്ഞു വന്ന കഞ്ചാവ് മാഫിയ അനിയനെ വെട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വള്ളിക്കുന്നം സ്വദേശി സിനു, ഓച്ചിറ സ്വദേശികളായ തരുണ്‍ ജി ക്യഷ്ണന്‍, ആദര്‍ശ് രാജ് എന്നിവരാണ് അറസ്റ്റിലായത്. ക്യഷ്ണപുരത്താണ് സംഭവം. അമ്മയുടെ മുന്നിലിട്ടാണ് 17 കാരനായ വിദ്യാര്‍ഥിയെ വെട്ടിയത്. ഇയാളുടെ സഹോദരനെ തിരഞ്ഞാണ് സംഘം വീട്ടില്‍ എത്തിയത്.


ഇവര്‍ നടത്തുന്ന കഞ്ചാവ് വില്‍പ്പനയെപ്പറ്റി പോലീസിന് വിവരം കൈമാറുന്നു എന്ന് സംശയം തോന്നിയാണ് ഇവര്‍ ആക്രമിക്കാന്‍ എത്തിയത്. ആദ്യം എത്തിയപ്പോള്‍ ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു. അപ്പോള്‍ മടങ്ങിപ്പോയ ശേഷം ഇവര്‍ വീണ്ടും എത്തി. എന്നാല്‍ അപ്പോഴും മകന്‍ വന്നില്ലാ എന്ന് അമ്മ പറഞ്ഞു. എന്നാല്‍ ഇത് വക വെക്കാതെ സംഘം വീട്ടിലേക്ക് കയറുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയെ തള്ളിയിട്ട ശേഷം വീട്ടിലുണ്ടായിരുന്ന 17 കാരനെ വെട്ടുകയായിരുന്നു.


വടിവാള്‍ കൊണ്ട് വെട്ടിയ ശേഷം അക്രമികള്‍ സ്ഥലം വിട്ടു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളില്‍ ചിലരെ കുട്ടിക്ക് തിരിച്ചറിയാം എന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ ചെയ്തത്. ഇയാളുടെ സഹോദരനും പല കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അക്രമിക്കാന്‍ വന്നവരും കഞ്ചാവ് സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K