06 July, 2019 02:05:19 PM


വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി ഓടിയ പ്രതി പിടിയില്‍



തിരുവനന്തപുരം: തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ബൈക്ക് മോഷ്ടാവ് സെബിൻ സ്റ്റാലിനെ ഷാഡോ പൊലീസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സെബിൻ സ്റ്റാലിന്‍ വെള്ളിയാഴ്ചയാണ് തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് അനാസ്ഥയെ തുടർന്നാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് ആക്ഷേപം. വിരലടയാളം എടുക്കുന്നതിനിടയില്‍ പൊലീസിനെ തള്ളിയിട്ട് മുറി പൂട്ടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.


വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രക്ഷപ്പെടുന്നതിനിടയില്‍ ഇയാള്‍ മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. കാട്ടാക്കട തൂങ്ങാംപാറ സ്വദേശിയായ സെബിൻ സ്റ്റാലിനെ എം ജി റോഡില്‍ നിന്ന് വാഹനം മോഷ്ടിച്ച കേസിലാണ് പൊലീസ് പിടികൂടിയത്. കൈവിലങ്ങുകള്‍ അഴിച്ച് വിരലടയാളം എടുക്കുന്നതിനിടെയാണ് ജിഡി ചുമതലയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ അനിൽകുമാറിനെ തള്ളിയിട്ട ശേഷം സെബിന്‍ ഓടി രക്ഷപ്പെട്ടത്. 


പാറാവിനുണ്ടായിരുന്ന വനിത പൊലീസുകാർ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും സെബിൻ രക്ഷപ്പെട്ടിരുന്നു. ക്രൈം വിഭാഗത്തിൽ ഏതാനും പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. സിഐയും എസ്ഐയും അടക്കമുള്ള ഉദ്യോഗസ്ഥരെല്ലാം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സമയത്താണ് സംഭവം. വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതിനാലാണ് പ്രതി സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K