28 June, 2019 08:57:06 PM


പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ എം.ജി. പ്രോ വൈസ് ചാന്‍സലര്‍




കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പത്താമത് പ്രോ-വൈസ് ചാന്‍സലറായി പരിസ്ഥിതി ശാസ്ത്രജ്ഞനും സര്‍വകലാശാല പരിസ്ഥിതി പഠനവകുപ്പിലെ അധ്യാപകനുമായ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ നിയമിതനായി. മഹാത്മാ ഗാന്ധി സര്‍വകലാശാല കാമ്പസില്‍ നിന്നുള്ള അധ്യാപകര്‍ ഒരേസമയം ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും പ്രോ വൈസ് ചാന്‍സലറുമാവുന്നത് ഇതാദ്യമാണ്. കാമ്പസില്‍ നിന്നുള്ള രണ്ടാമത്തെ പ്രോ വൈസ് ചാന്‍സലറാണ് പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍.വെള്ളിയാഴ്ച കൂടിയ സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ പ്രത്യേക യോഗമാണ് പുതിയ പി.വി.സി.യെ തെരഞ്ഞെടുത്തത്. പി.വി.സി.യായി അദ്ദേഹം ചുമതലയേറ്റു.

ശാസ്താംകോട്ട സ്വദേശിയായ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ 2017 ജൂലൈയില്‍ നടന്ന ഇന്ത്യയുടെ ആര്‍ട്ടിക് പര്യവേഷണ സംഘത്തിന്റെ തലവനായിരുന്നു. നിലവില്‍ സര്‍വകലാശാല ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും അന്തര്‍ സര്‍വകലാശാല ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററിന്റെയും ഡയറക്ടറും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സെയ്ഫ് സെന്ററിന്റെ കോ-ഓര്‍ഡിനേറ്ററുമാണ്.

പൂനെ സര്‍വകലാശാലയില്‍ നിന്നും എം.എസ്സി.യും പിഎച്ച്.ഡി.യും കരസ്ഥമാക്കി. ജര്‍മ്മനിയിലെ മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, ബെല്‍ജിയത്തിലെ കത്തോലിക്ക യൂണിവേഴ്സിറ്റി, നെതര്‍ലന്റിലെ ആംസ്റ്റര്‍ഡാം ഫ്രീ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം പൂര്‍ത്തീകരിച്ചു. എം.ജി.യില്‍ 26 വര്‍ഷമായി അധ്യാപകനാണ്. അമേരിക്കയടക്കം 14 രാജ്യങ്ങളിലെ പ്രശസ്ത സര്‍വകലാശാലകളിലെയും ഗവേഷണ കേന്ദ്രങ്ങളിലെയും വിസിറ്റിംഗ് പ്രൊഫസറാണ്. ഫ്രാന്‍സിലെ പാരീസ് യൂണിവേഴ്സിറ്റിയില്‍ രണ്ടുതവണ ഫുള്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2019ലെ ലീപ് പ്രോഗ്രാമും യൂറോപ്യന്‍ യൂണിയന്റെ 2019ലെ ഇറാസ്മസ് ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി പതിമൂന്നിലധികം പ്രശസ്ത ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത ഗവേഷണ സംരംഭങ്ങള്‍ നടത്തുന്നുണ്ട്. ഒബാമ സിംഗ് നോളേജ് ഇനീഷ്യേറ്റീവ് അടക്കം പതിനഞ്ച് രാജ്യാന്തര ഗവേഷണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 40 ദേശീയ രാജ്യാന്തര കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇദ്ദേഹത്തിനുകീഴില്‍ പിഎച്ച്.ഡി. പൂര്‍ത്തീകരിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗമായിരുന്നു. നിരവധി ദേശീയ, അന്തര്‍ദ്ദേശീയ വിദഗ്ധ ഗവേഷണ സമിതികളില്‍ അംഗമാണ്. എം.ജി. സര്‍വകലാശാല പരിസ്ഥിതി പഠന സുസ്ഥിര വികസന അന്തര്‍സര്‍വകലാശാല സെന്ററിലെ റിസര്‍ച്ച് സയന്റിസ്റ്റായ ഡോ. ഉഷ അരവിന്ദാണ് ഭാര്യ. ട്രിച്ചി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായ മനു അരവിന്ദാണ് മകന്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K