27 June, 2019 02:30:37 PM


തടവുകാരികൾ ജയിൽ ചാടിയത് ജയിലിൽ അമിത സ്വാതന്ത്ര്യം നൽകിയതുകൊണ്ടെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവുകാരികൾ ജയിൽ ചാടിയത് ജയിലിൽ അമിത സ്വാതന്ത്ര്യം നൽകിയതുകൊണ്ടാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ തടവുകാർ ജയിൽ ചാടുന്ന ആദ്യ സംഭവത്തില്‍ പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവുകാരികളായ ശിൽപ മോൾ, സന്ധ്യ എന്നിവർ ജയിൽ ചാടിയത്. 


"ജയിൽ ചാടിയ തടവുകാരികൾക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയിൽ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും" മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അടുക്കളത്തോട്ടത്തിലെ മുരിങ്ങ മരത്തിൽ കയറിയാണ് ഇരുവരും മതിൽ ചാടി രക്ഷപ്പെട്ടത്. ജയിൽ ചാടുന്നതിന് മുമ്പായി ശിൽപ തന്‍റെ സഹായിയെ ജയിലിൽ നിന്ന് ഫോൺ ചെയ്യുകയും ചെയ്തിരുന്നു. റിമാൻഡ് പ്രതികളാണ് രണ്ട് പേരും.


ഇവർ തടവ് ചാടുന്ന വിവരം ജയിലിലെ മറ്റൊരു തടവുകാരിക്കും അറിയാമായിരുന്നു. നാലര മണിക്ക് ശേഷം ഇവരെ കാണാനില്ലെന്ന് സഹതടവുകാർ പറഞ്ഞതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. ജയിലിനുള്ളിൽ പ്രതികൾ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. അടുക്കളത്തോട്ടത്തിലെ മതിലിനോട് ചേർന്നുള്ള മുരിങ്ങ മരത്തിൽ കയറി മതിൽ ചാടിയ ഇവ‍ർ ഒരു ഓട്ടോയിൽ കയറി രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K