21 June, 2019 06:26:42 PM


കസേരകളിയുമായി ചെയര്‍മാന്‍മാര്‍; ഏറ്റുമാനൂരില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍ഏറ്റുമാനൂര്‍: ശൈശവദശയില്‍ നീന്തുന്ന ഏറ്റുമാനൂര്‍ നഗരസഭയില്‍ ആരംഭിച്ച പദ്ധതികള്‍ പലതും പാതിവഴിയില്‍. അധികാരകസേരയ്ക്കുവേണ്ടിയുള്ള ചരടുവലികള്‍ക്കിടയില്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാതെ പുതിയ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രവണതയാണ് ഇവിടെ കാണാനാവുന്നത്.. മൂന്നര വര്‍ഷത്തിനിടയില്‍ നാലാമത്തെ ചെയര്‍മാന്‍ അധികാരമേറ്റിട്ടും പൂര്‍ത്തിയാകാതെ കിടക്കുന്നതും ആരംഭിച്ച് നഷ്ടത്തിലോടുന്നതുമായ പദ്ധതികള്‍ ഒട്ടേറെ.

ഏറ്റുമാനൂര്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍റെ സ്വപ്നപദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ലോകബാങ്ക് സഹായത്തോടെ നിര്‍മ്മാണമാരംഭിച്ച ആധുനിക ഗ്യാസ് ശ്മശാനം. കേരളത്തിലെ തന്നെ ഏറ്റവും ആദ്യത്തേത് എന്ന അഹങ്കാരത്തോടെ പണികള്‍ ആരംഭിച്ച ശ്മശാനത്തിന്‍റെ നിര്‍മ്മാണം ആദ്യ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞതോടെ അവതാളത്തിലായി. പാതിവഴിയില്‍ മുടങ്ങിയ ശ്മശാനത്തിന് നേരെ പിന്നീട് എത്തിയ ചെയര്‍മാന്‍മാരെല്ലാം കണ്ണടക്കുകയായിരുന്നു.

2017 മാര്‍ച്ച് 24ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലാണ് ആധുനിക ശ്മശാനത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. നിലവില്‍ നഗരസഭയുടെ പൊതുശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആധുനിക ശ്മശാനത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. ശ്മശാനത്തിനും നഗരസഭാ മന്ദിരത്തോട് ചേര്‍ന്ന് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട ശൌചാലയത്തിനും കൂടി രണ്ട് കോടി രൂപ ലോക ബാങ്ക് സഹായവുമുണ്ടായിരുന്നു. എസ്റ്റിമേറ്റ് തുകയില്‍ നിന്ന് ഇരുപത് ശതമാനം താഴ്ത്തിയാണ് ശ്മശാനത്തിന് എഗ്രിമെന്‍റ് വെച്ചത്. ഒരു വര്‍ഷമായിരുന്നു നിര്‍മ്മാണ കാലാവധി. 

പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നതിനും പ്രായമായവര്‍ക്ക് ഇരുന്ന് ചടങ്ങുകളില്‍ പങ്ക് കൊള്ളുന്നതിനുള്ള സംവിധാനങ്ങളും അനുശോചനയോഗം നടത്തുന്നതിനും മറ്റും പ്രത്യേക ഹാളും കുളിമുറികളും എല്ലാം സജ്ജമാക്കികൊണ്ടായിരുന്നു പ്രഥമചെയര്‍മാന്‍  ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ ശ്മശാനം രൂപകല്‍പന ചെയ്യിച്ചത്. എന്നാല്‍ കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ വന്നതോടെ ആധുനിക ശ്മശാനത്തിന് ലോകബാങ്ക് അനുവദിച്ച ധനസഹായം മുടങ്ങി. മൂന്ന് തവണ സമയം നീട്ടികൊടുത്തുവെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സെക്രട്ടറിയും ഫയലുകള്‍ യഥാസമയം നീക്കാത്തതുകൊണ്ടുണ്ടായ പ്രശ്നങ്ങളും തുക ലാപ്സാകാന്‍ കാരണമാകുകയായിരുന്നു.

ശ്മശാനത്തിന്‍റെ അവസാനഘട്ടപണികളിലേക്ക് കടക്കാനിരിക്കെയാണ് ലോകബാങ്ക് അനുവദിച്ച ഒരു കോടി മൂന്ന് ലക്ഷം രൂപ പാഴായത്. പിന്നീട് നഗരസഭയുടെ തനതുഫണ്ട് കൂടി ഉപയോഗിച്ച് പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ഫയലുകള്‍ ചുവപ്പുനാടയില്‍ തന്നെ കുടുങ്ങി. നിലവില്‍ ഫണ്ട് കമ്മിയായതിനാല്‍ മറ്റ് പദ്ധതികള്‍ക്ക് വെച്ചിരിക്കുന്ന തുക വകമാറ്റി ചെലവഴിക്കുക എന്നതാണ് ഏക പോംവഴി. എന്നാല്‍ തനിക്കു ശേഷം ചെയര്‍മാനായി വന്നവര്‍ കാര്യമായ പരിഗണന നല്‍കാത്തതാണ് ഗ്യാസ് ശ്മശാനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അവതാളത്തിലാവാന്‍ കാരണമായതെന്ന് പ്രഥമചെയര്‍മാനായിരുന്ന ജയിംസ് തോമസ് പറയുന്നു.  
Share this News Now:
  • Google+
Like(s): 330