18 June, 2019 06:09:47 AM


ഗുരുവായൂരില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍; പ്രതിക്ക് അന്തര്‍സംസ്ഥാന ബന്ധം




ഗുരുവായൂര്‍: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ചാവക്കാട് കടപ്പുറം തോട്ടക്കര വീട്ടില്‍ സുനീറയെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഗുരുവായൂര്‍ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പലപ്പോഴും കുടുംബവുമൊന്നിച്ചുള്ള യാത്രകളിലാണ് കാറില്‍ കഞ്ചാവ് കടത്തിയിരുന്നത്. പ്രതിക്ക് അന്തര്‍ സംസ്ഥാന ലഹരി മാഫിയയുമായി ബന്ധമുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെനടയില്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് യുവതി പിടിയിലായത്.


കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. പോലീസിനോ എക്സൈസിനോ സംശയം തോന്നാതിരിക്കാനായാണ് പലപ്പോഴും ഭര്‍ത്താവിനേയും മക്കളേയും യാത്രയില്‍ കൂട്ടിയത്. കാറിലാണ് കഞ്ചാവ് കടത്തിയിരുന്നത്. കുടുംബവുമൊത്ത് വരികയാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ പലപ്പോഴും പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതായിരുന്നു രീതി. ഒരു മാസത്തോളം ഇവരെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ്. അഞ്ച് വര്‍ഷത്തോളമായി കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന പ്രതിക്ക് കേരളത്തിനകത്തും പുറത്തുമുള്ള വില്‍പ്പന സംഘങ്ങളുമായി ബന്ധമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 192