15 June, 2019 07:58:21 AM


നാസിക്കില്‍ മോഷ്ടാക്കളുടെ വെടിയേറ്റ്‌ മാവേലിക്കര സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു



മാവേലിക്കര: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ യുവാവ്‌ വെടിയേറ്റ്‌ മരിച്ചു. തഴക്കര അറനൂറ്റിമംഗലം മുറിവായ്‌ക്കര ബ്ലെസ്‌ ഭവനില്‍ പരേതനായ രാജു(ശാമുവേല്‍)-സാറാമ്മ ദമ്പതികളുടെ മകന്‍ സാജുശാമുവേലാ(28)ണ്‌ മരിച്ചത്‌. രാവിലെ 11.15 ന്‌ മുത്തൂറ്റ്‌ ബാങ്ക്‌ ജോര്‍ജ്‌ ഗ്രൂപ്പിന്റെ നാസിക്കിലെ ശാഖയില്‍ വച്ച്‌ മോഷ്‌ടാക്കളുടെ വെടിയേറ്റാണ്‌ മരിച്ചത്‌. ബാങ്കിന്റെ ന്യൂ ബോംബെയിലെ ഓഫീസില്‍ ജോലി ചെയ്യുന്ന സാജു ബാങ്കിലെ ഇന്‍സ്‌പെക്‌ഷനായാണ്‌ നാസിക്കിലെത്തിയത്‌. ബാങ്കില്‍ രാവിലെ 11 ന്‌ അതിക്രമിച്ചു കയറിയ മോഷ്‌ടാക്കള്‍ സാജു ഉള്‍പ്പെടെ മൂന്നു പേരെ വെടിവച്ചു.

അപായ മണി മുഴക്കാന്‍ അലാറം സ്‌ഥാപിച്ചിരിക്കുന്ന മുറിയിലേക്ക്‌ പോയ സാജുവിന്‌ പിന്നില്‍ നിന്നാണ്‌ വെടിയേറ്റത്‌. സംഭവസ്‌ഥലത്ത്‌ തന്നെ മരിച്ചു. രണ്ടു വര്‍ഷം മുമ്പ്‌ അഹമ്മദാബാദില്‍ ജോലിയില്‍ പ്രവേശിച്ച സാജു ഒരു വര്‍ഷം മുമ്പാണ്‌ ന്യൂബോംബെയിലെത്തിയത്‌. വ്യാഴാഴ്‌ചയായിരുന്നു ഇന്‍സ്‌പെക്‌ഷനെങ്കിലും രാവിലെ ഉറങ്ങിപ്പോയത്‌ കാരണം വ്യാഴാഴ്‌ച ചെല്ലാന്‍ സാജുവിന്‌ കഴിഞ്ഞില്ല. തുടര്‍ന്നാണ്‌ ഇന്നലെ ഇന്‍സ്‌പെക്‌ഷനെത്തിയത്‌. രണ്ടു മാസം മുമ്പ്‌ കുഞ്ഞിന്റെ മാമോദീസയ്‌ക്ക്‌ നാട്ടിലെത്തി മടങ്ങിയതാണ്‌ സാജു. ഭാര്യ: ജെയ്‌സി. മകന്‍: ജര്‍മി (ഒന്‍പതു മാസം).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K