11 June, 2019 07:16:39 PM


അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി



ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേനാ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സേനയുടെ കൂടുതൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും തെരച്ചിലിനായി മേഖലയിലെത്തിയിട്ടുണ്ട്. പതിമൂന്ന് യാത്രക്കാരുമായി അസമിലെ ജോര്‍ഹാട്ടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മച്ചാക്കുവിലേക്കുള്ള യാത്രാമധ്യേ ഈമാസം മൂന്നിനാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതായത്.  


എട്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വ്യോമസേന സംഘം പ്രദേശത്തേക്കെത്തി. വിമാനത്തിലുണ്ടായിരുന്നത് ആറ് ഉദ്യോഗസ്ഥരും എഴ് ജീവനക്കാരും. സ്ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്‍റ് കൊല്ലം സ്വദേശിയായ അനൂപ് കുമാര്, മറ്റൊരുദ്യോഗസ്ഥനായ എന്‍.കെ. ഷെരില്‍ എന്നിവരാണ് മലയാളികള്‍. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 


കനത്ത മഴയെത്തുടര്‍ന്ന് തെരച്ചില്‍ ദുഷ്കരമായിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെയും സഹായം തേടിയിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ സംഘം വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ മൂന്നു മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ബന്ധുക്കള്‍ അസമില്‍ എത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K