11 June, 2019 02:56:19 PM


'ഓപ്പറേഷൻ ഈഗിൾ വാച്ച്': അനധികൃത പണ പിരിവിനെതിരെ സ്കൂളുകളിൽ മിന്നൽ പരിശോധന; ലക്ഷങ്ങള്‍ പിടിച്ചെടുത്തു



തിരുവനന്തപുരം: 'ഓപ്പറേഷൻ ഈഗിൾ വാച്ച്' എന്ന പേരിൽ വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സിന്‍റെ മിന്നല്‍പരിശോധന. തിരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ്‌ സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ പണപ്പിരിവ് ഉള്‍പ്പെടെ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. അധ്യാപക തസ്തിക സ്ഥിരപ്പെടുത്താൻ പണം വാങ്ങുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് ഹയർ സെക്കന്‍ററി മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തി. 

എയ്‌ഡഡ്‌ സ്കൂളിലെ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളില്‍ നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ, റിട്ടയർമെന്‍റ് ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം വരുത്തുന്ന അനാവശ്യ കാലതാമസം തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ എയ്‌ഡഡ്‌ സ്കൂള്‍ മാനേജ്മെന്‍റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വൻ തുക വാങ്ങുന്നതായി ആരോപണവും ഉയര്‍ന്നിരുന്നു. നിയമന അംഗീകാരത്തിനായി വലിയ തുകകൾ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് ജീവനക്കാർ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്നാണ് വിജിലൻസ് വിശദീകരണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K