09 June, 2019 11:28:23 AM


'റിമാ നിങ്ങളിലൂടെ ഞാന്‍ എന്‍റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌' ; സജീഷിന്‍റെ 'വൈറസ്' റിവ്യു വൈറലാവുന്നു




കോഴിക്കോട്: 'റിമാ നിങ്ങളില്‍ ഞാന്‍ എന്‍റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌...' നിപ ബാധയുടെ പശ്ചാത്തലത്തില്‍ ആശിഖ് അബുവും സംഘവും ഒരുക്കിയ ചിത്രമാണ് വൈറസ് എന്ന ചലച്ചിത്രം, രോഗം പടര്‍ന്ന് മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് കണ്ട ശേഷം പങ്കുവെച്ച അഭിപ്രായമാണിത്. പല കോണുകളില്‍ നിന്നും നിരവധി നല്ല റിവ്യൂകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് നിപ ബാധയേറ്റ ആളെ ചികിത്സിച്ചതിലൂടെ രോഗബാധിതയായി മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് പുത്തൂരിന്‍റെ അഭിപ്രായമാണ്. വൈറസിനെ കുറിച്ച്‌ സജീഷ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടതിങ്ങനെ.


"ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 'വൈറസ്'‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്‍റെ അതിജീവനത്തിന്‍റെ ഓര്‍മ്മ വീണ്ടും മനസ്സില്‍ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കള്‍ അല്ലായിരുന്നു എന്‍റെ മുന്‍പില്‍ പകരം റിയല്‍ ക്യാരക്ടേര്‍സ്‌ ആയിരുന്നു.


റിമാ നിങ്ങളിലൂടെ ഞാന്‍ എന്‍റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളില്‍ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരില്‍ കാണിച്ചോള്‍ കരച്ചില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകന്‍ എന്ന നിലയില്‍ പറയുകയാണ്‌ റിമാ നിങ്ങള്‍ ജീവിക്കുകയായിരുന്നു.


ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്‍റെ, പേരാംബ്രയുടെ നിപ അതിജീവനത്തിന്‍റെ ജീവിക്കുന്ന ഓര്‍മ്മകള്‍ തിരശീലയില്‍ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു. പാര്‍വ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ്‌ ഭാസിയും സൗബിന്‍ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂര്‍ണ്ണിമ ചേച്ചിയും ഇന്ദ്രന്‍സ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങള്‍ സമ്മാനിച്ചു. സിനിമ കാണുന്നതിന്‌ മുന്‍പ്‌ എല്ലാവരെയും നേരില്‍ കാണാനും ഒത്തു കൂടാനും കഴിഞ്ഞതില്‍ സന്തോഷം."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K