06 June, 2019 06:13:25 PM


പരിസ്ഥിതി ദിനത്തില്‍ നട്ട മരങ്ങള്‍ പരിസ്ഥിതിദിനത്തില്‍ തന്നെ വെട്ടിമാറ്റി ഏറ്റുമാനൂര്‍ നഗരസഭ



ഏറ്റുമാനൂര്‍: ലോകപരിസ്ഥിതി ദിനത്തില്‍ നട്ടു പിടിപ്പിച്ച വൃക്ഷങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ തന്നെ വെട്ടി മാറ്റി മാതൃക കാട്ടി ഏറ്റുമാനൂര്‍ നഗരസഭ. വികസനത്തിന്‍റെ പേരില്‍ മരങ്ങള്‍ വെട്ടിമാറ്റിയത് വിവാദമായതോടെ വിഷയം തങ്ങള്‍ അറിഞ്ഞില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍. ‍പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നാട് മുഴുവന്‍ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെയാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ മരങ്ങളില്‍ കോടാലി പതിഞ്ഞത്.


വര്‍ഷങ്ങള്‍ക്കുമുമ്പ് നഗരസഭാ അധികൃതരും ടൌണിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും ഗ്രീന്‍ ക്ലീന്‍ സൊസൈറ്റിയും ചേര്‍ന്ന് നട്ടതാണ് ഈ മരങ്ങള്‍. ഏറ്റുമാനൂര്‍ ചിറക്കുളത്തിനു സമീപം നഗരമധ്യത്തില്‍ നഗരസഭ പണിയുന്ന വ്യാപാര സമുശ്ചയത്തിന്‍റെ നിര്‍മ്മാണത്തിന് സ്ഥലം ഒരുക്കുന്നതിന്‍റെ ഭാഗമായി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം കരാറുകാരനാണത്രേ മരങ്ങള്‍ വെട്ടിമാറ്റിയത്. എന്നാല്‍ പരിസ്ഥിതിദിനത്തില്‍ തന്നെ മരങ്ങള്‍ വെട്ടിയത് ചര്‍ച്ചയായപ്പോള്‍ അധികൃതര്‍ മലക്കം മറിഞ്ഞു.


സംഭവം തങ്ങള്‍ അറിഞ്ഞില്ലെന്നും മരം വെട്ടുന്നതിന് നഗരസഭാ ചെയര്‍മാന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് തങ്ങള്‍ക്കറിവില്ലെന്നുമായിരുന്നു പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജി ഫ്രാന്‍സിസിന്‍റെയും എല്‍എസ്ജിഡി അസിസ്റ്റന്‍റ് എഞ്ചിനീയറുടെയും ആദ്യപ്രതികരണം. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വിട്ടുകൊടുത്ത സ്ഥലത്ത് നിന്നത് ചെറുമരങ്ങളായിരുന്നുവെന്നും സ്ഥലമൊരുക്കുന്നതിനായി അത് വെട്ടുന്നതില്‍ തടസമില്ലെന്നും പൊതുമരാമത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പിന്നീട് പറഞ്ഞു.


പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിക്കാനായി കഴിഞ്ഞ വർഷം എത്തിച്ച വ്യക്ഷ തൈകൾ വിതരണം ചെയ്യാതെ നഗരസഭയിൽ കൂട്ടിയിട്ട് നശിപ്പിച്ചത് വാർത്തയായിരുന്നു. സംഭവം വിവാദമാകുന്നുവെന്ന് മനസ്സിലാക്കി തൈകൾ കൃഷിഭവൻ വളപ്പിൽ കൊണ്ടുപോയി കൂട്ടിയിട്ട് തടിതപ്പുകയായിരുന്നു അധികൃതർ ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K