06 June, 2019 07:22:29 AM


ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; ബംഗാൾ സ്വദേശിയായ യുവാവ് അറസ്റ്റില്‍

 


നിലമ്പൂര്‍:  ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ ബംഗാള്‍ സ്വദേശിയായ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. 


ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തര്‍ക്കം തുടങ്ങി. വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു. മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല. പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.


പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തു കൂടി ഓടിയ മുഹസിമയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ തടഞ്ഞുവച്ച ജൗഹീറുലിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. 


മൂന്നു വര്‍ഷം മുന്‍പായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. രണ്ടു വയസായ ആണ്‍കുഞ്ഞുണ്ട്. കുട്ടി വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്. വ്യാഴാഴ്ച ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കും. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Google+
Like(s): 17