05 June, 2019 01:52:58 PM


പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം പാലം പണി നടന്നില്ല; ഫണ്ട് പിന്‍വലിക്കുമെന്ന് സുരേഷ് ഗോപി എം.പി.



കല്‍പ്പറ്റ: സുരേഷ് ഗോപിയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം പാലം പണി നടക്കാതായതോടെ ഒറ്റപ്പെട്ടത് വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്ന് ഗ്രാമം. പതിനഞ്ച് ദിവസത്തിനുള്ളിൽ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിൻവലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കളക്ട‍ർക്ക്  മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമാണ് പണി വൈകാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നത്. 


ചുറ്റും വെള്ളം പൊങ്ങുന്നതിനാൽ  മഴക്കാലത്ത് മാങ്കോട്ടുകുന്നിലെ കുട്ടികള്‍ സ്കൂളില്‍ പോകാറില്ല. മഴയില്‍ മാസങ്ങളോളം ഗ്രാമത്തിലുള്ള മുഴുവൻ ആളുകളും ഒറ്റപ്പെടും. കഴിഞ്ഞ ജൂലൈയിലാണ് സുരേഷ് ഗോപി തന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ നടപ്പാലത്തിനായി അനുവദിച്ചത്. ഒരു വ‍ർഷത്തിനുള്ളില്‍ പണി തീര്‍ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. വര്‍ഷം ഒന്നു കഴിയാറായെങ്കിലും ഫയല്‍ നീങ്ങിയിട്ട് പോലുമില്ല. ഇതോടെയാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ പണി തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിൻവലിക്കുമെന്ന് എംപി മുന്നറിയിപ്പ് നല‍്കിയത്.


പദ്ധതി നടപ്പിലാക്കേണ്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഒരാഴ്ച്ചക്കുള്ളില്‍ ഫയല്‍ നീങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതീക്ഷയറ്റ  ചിലര്‍  താല്‍കാലിക തടിപ്പാലം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പ് പോലും തുടങ്ങി. ഇതിനിടെ ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ കളക്ട്രേറ്റിലേക്കയക്കുമെന്നും വിശദീകരിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K