05 June, 2019 09:30:48 AM


ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയ കല്ലട ബസിന് നേരെ കല്ലേറ്: കൊല്ലത്ത് ഒരാള്‍ കസ്റ്റഡിയില്‍



കൊല്ലം: ബൈക്കില്‍ ഉരസിയ ശേഷം നിര്‍ത്താതെ പോയ കല്ലട ബസിന് നേരെ കല്ലേറ്. സംഭവത്തെ തുടര്‍ന്ന് ബസിന്‍റെ യാത്ര മുടങ്ങി. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടയാണ് സംഭവം. തിരുവനന്തപുരത്ത്നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസ് പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബൈക്കില്‍ ഉരസിയെങ്കിലും നിര്‍ത്തിയില്ല. ബൈക്ക് യാത്രികരെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.


തുടര്‍ന്ന് നാട്ടുകാര്‍ ബൈക്കുകളില്‍ ബസിനെ പിന്തുടര്‍ന്നു. പിന്തുടര്‍ന്ന ബൈക്കുകളിലൊന്നിനെ ബസ് വീണ്ടും തട്ടിയതോടെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കല്ലട ബസ് വിവാദത്തില്‍പ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവല്‍സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ കയറ്റാതെ പോയതും വിവാദമായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K