04 June, 2019 09:44:42 PM


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ ഒന്നര ലക്ഷത്തോളം കുട്ടികള്‍ സ്കൂളിലേക്ക്
കോട്ടയം: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ കോട്ടയം ജില്ലയിലെ സ്കൂളുകള്‍ ഒരുങ്ങി. പ്രവേശനോത്സവ ദിനമായ ജൂണ്‍ 6ന് ജില്ലയിലെ 857 പൊതു വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍  1,44,479 വിദ്യാര്‍ഥികളെത്തും. ഒന്നാം ക്ലാസില്‍ മാത്രം 8840 കുട്ടികളുണ്ട്. രണ്ടു മുതല്‍ പത്തു വരെ ക്ലാസുകളില്‍ 7580 പേര്‍ പുതിയതായി പ്രവേശനം നേടി. 

സ്കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് സുഗമമായി യാത്ര ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കിയതായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ യോഗത്തില്‍ അറിയിച്ചു.  

സ്കൂളുകളുടെ പരിസരത്ത് ലഹരി  വസ്തുക്കള്‍ വില്‍ക്കുകയും കുട്ടികള്‍ ഇവ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എക്സൈസ്, പോലീസ് വകുപ്പുകളും സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും കുട്ടികള്‍ ശാരീരികവും ലൈംഗികവുമായ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്  ഏകോപിതമായ പ്രവര്‍ത്തനം വേണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. 

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സ്കൂളുകളുടെ പരിസരത്ത് അപകടകരമായ മരങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കും. സ്കൂള്‍ തുറക്കുന്നതോടൊപ്പംതന്നെ സ്കൂള്‍തല ലഹരിവിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനം സജീവമാക്കും. ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും സാധ്യത കൂടുതലുള്ള സ്കൂളുകളുടെ പരിസരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.

ജൂണ്‍ മാസത്തില്‍തന്നെ അധ്യാപക രക്ഷാകര്‍തൃസമിതി യോഗങ്ങള്‍ നടത്തി മുന്‍കരുതല്‍ വേണ്ട വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു. പഠനം മുടങ്ങിയ കുട്ടികളുടെ വിവരങ്ങള്‍ അതത് സ്കൂളുകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ അറിയിക്കണം. ഇത്തരം കുട്ടികളെ തിരികെ സ്കൂളുകളിലെത്തിക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. 

ജില്ലാതല പ്രവേശനോത്സവം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും


പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജില്ലാതല പ്രവേശനോത്സവം ജൂണ്‍ 6ന് രാവിലെ ഒന്‍പതിന് പനമറ്റം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷത വഹിക്കും.  നവാഗതരായ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി സ്വീകരിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മാത്തച്ചന്‍ താമരശ്ശേരി  സൗജന്യ യൂണിഫോമും എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം. പി സുമംഗലാദേവി പഠനോപകരണങ്ങളും വിതരണം ചെയ്യും. Share this News Now:
  • Google+
Like(s): 144