02 June, 2019 03:15:11 PM
പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: ബാലുവിന്‍റെ മരണത്തില്‍ ആരോപണങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ നീളുന്ന ആരോപണത്തില്‍ മറുപടിയുമായി ഭാര്യ ലക്ഷ്മി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ ബാലുവിന്റെ പ്രോഗ്രാം മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കുക മാത്രമാണെന്നാണ് ചെയ്തത്. അന്വേഷണത്തില്‍ സത്യം പുറത്തു വരട്ടെയെന്നും ലക്ഷ്മി പ്രതികരിച്ചു.
ബാലഭാസ്‌കറിന്റെ ചില പരിപാടികളുടെ സംഘാടകന്‍ മാത്രമായിരുന്നു പ്രകാശന്‍ തമ്പിയെന്നും ഇതിനുള്ള പ്രതിഫലം അന്ന് തന്നെ അയാള്‍ക്ക് നല്‍കിയിരുന്നുവെന്നും നേരത്തെ ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അല്ലാതെ പ്രകാശന്‍ തമ്പിയെ അറിയില്ലെന്നല്ല പറഞ്ഞതെന്നും ലക്ഷ്മി വിശദീകരിച്ചു. അപകടത്തില്‍ ബാലുവും മകളും മരണപ്പെട്ടപ്പോള്‍ ലക്ഷ്മിയും കാറിന്റെ ഡ്രൈവറും രക്ഷപ്പെട്ടിരുന്നു. പിന്നാലെ അപകടത്തെ സംബന്ധിച്ച് ദൂരൂഹത ഉയരുകയും ലക്ഷ്മിക്കെതിരെ ആരോപണങ്ങള്‍ നീളുകയും ചെയ്തിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ബാലഭാസ്‌ക്കറുമായി ഉണ്ടായിരുന്ന അടുപ്പമാണ് വീണ്ടും ദുരൂഹത ഉയര്‍ത്തിയത്. പിന്നാലെ ഇവരുമായി ബാലുവിന് ബന്ധമില്ലെന്ന് ലക്ഷ്മി രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോള്‍ റിമാന്‍ഡിലാണ്. അതേസമയം സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായ പ്രകാശന്‍ തമ്പിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പ്രകാശന്‍ തമ്പിക്കെതിരെ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും അന്വേഷിക്കും.
                                
                                        



