02 June, 2019 01:22:59 AM


പാതയോരങ്ങളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍; നടപടികളുമായി കോഴിക്കോട് ജില്ലാ വികസന സമിതി
കോഴിക്കോട് : ജില്ലയില്‍ ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി അനുയോജ്യമായ സ്ഥലം അത് എംഎല്‍എമാരുമായി കൂടിയാലോചിച്ച് കണ്ടെത്തും. എംഎല്‍എമാര്‍ നല്‍കുന്ന സ്ഥലത്തിന്റെ പട്ടിക ലഭിച്ച ശേഷം കൂടുതല്‍  നടപടികളെടുക്കും. മാതൃക കംഫര്‍ട്ട് സ്റ്റേഷനുകളുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് പദ്ധതി.


 

ജില്ലയിലെ റോഡുകള്‍ എല്ലാം പരിശോധിച്ച് കുഴികളടക്കാന്‍ ഉള്ള നടപടികള്‍ വേഗത്തിലാക്കാനും ജില്ലാ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. വൈദ്യുതീകരിക്കാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കെ എസ് ഇ ബി ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. വൈദ്യുതി എത്താത്ത കോളനികളുടെ പട്ടിക പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കെഎസ്ഇബിക്ക് ഒരാഴ്ചയ്ക്കകം കൈമാറണമെന്നും വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.


 

തീരദേശങ്ങളിലുള്ള പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ആക്ഷന്‍ പ്‌ളാന്‍ തയ്യാറാക്കണമെന്ന്  കെ ദാസന്‍ എംഎല്‍എ ആവശ്യപ്പെട്ടു.  ചില  മേഖലയില്‍ ഡങ്കിപ്പനി കൂടുന്നതായി കാണുന്നുണ്ടെന്നും തടയാനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നും ഇ കെ വിജയന്‍ എംഎല്‍എ ആവശ്യപ്പെട്ടു.  നെടിയന്‍പറമ്പ് മാലിന്യസംസ്‌കരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും കൂടിക്കിടക്കുന്ന മാലിന്യം മഴപെയ്താല്‍ കിണറുകളിലെ വെള്ളത്തില്‍ കലര്‍ന്ന് പകര്‍ച്ചവ്യാധിയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും വികെസി മമ്മദ്‌കോയ എംഎല്‍എ പറഞ്ഞു.എംഎല്‍എമാര്‍ ഉന്നയിച്ച ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളില്‍ ഉടനടി നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജില്ലാ വികസനസമിതി ചുമതലപ്പെടുത്തി. ജില്ലയില്‍ പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മറുപടിയായി അറിയിച്ചു. വടകര ജില്ലാ ആശുപത്രിയുടെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് സി കെ നാണു എം.എല്‍എ ആവശ്യപ്പെട്ടു. കോവിലകംതാഴംപാലം അപ്രോച്ച് റോഡ് നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉടന്‍ നീക്കണമെന്ന് പുരുഷന്‍ കടലുണ്ടി എംഎല്‍എ ആവശ്യപ്പെട്ടു.


 

കൊടുവളളി റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിനുളള തുക എത്രയും വേഗം കൈമാറണമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ദയ അപാര്‍ട്‌മെന്റില്‍ നിന്നുള്ള മലിനജലം കാരണം പ്രദേശവാസികളുടെ കിണറുകള്‍ മലിനമാകുന്നത് പിടിഎ റഹിം എംഎല്‍എ ജില്ലാ വികസനസമിതിയുടെ ശ്രദ്ധയില്‍പെടുത്തി. ശുചിത്വമിഷന്റെ ടെക്‌നിക്കല്‍ ഓഫീസറടങ്ങുന്ന ഒരു സംഘം ഉടന്‍ അപാര്‍ട്‌മെന്റ് സന്ദര്‍ശിക്കണമെന്നും റിപ്പോര്‍ട്ട് നല്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. അപാര്‍ട്‌മെന്റിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ് ഉടന്‍ കുറ്റമറ്റതാക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

 

 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോഴിക്കോട്ജില്ലയില്‍ 7320 പട്ടയങ്ങള്‍ വിതരണംചെയ്തതായി എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.  ഇതില്‍ 6154 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും 976 ദേവസ്വം പട്ടയങ്ങളും 100 മറ്റു പട്ടയങ്ങളും ഉള്‍പ്പെടുന്നു. ദേവസ്വം പട്ടയം സംബന്ധിച്ച് നിലവിലുള്ള 1300 കേസുകള്‍ ഉടന്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി കളക്ടറോട് നിര്‍ദേശിച്ചു. വീടും സ്ഥലവുമില്ലാത്തവര്‍ക്ക് പതിച്ചു കൊടുക്കാനുള്ള സ്ഥലം കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി. നിര്‍മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

 

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ അധ്യയന വര്‍ഷം ജില്ലയില്‍ 32 സ്‌കൂളുകളില്‍ 1 കോടി രൂപയുടെയും 18 സ്‌കൂളുകളില്‍ മൂന്ന് കോടി രൂപയുടെയും വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തില്‍ ഏറ്റെടുത്ത 10 സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ജൂണ്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാകും. ബാക്കി രണ്ട് കെട്ടിടങ്ങളുടെ പണി മൂന്ന് മാസത്തിനകവും പൂര്‍ത്തീകരിക്കും. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ സി.കെ നാണു, വി.കെ.സി മമ്മദ് കോയ, പി.ടി.എ റഹീം, പുരുഷന്‍ കടലുണ്ടി, കെ.ദാസന്‍, ഇ.കെ വിജയന്‍, കാരാട്ട് റസാഖ്,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല, എന്നിവര്‍  സംബന്ധിച്ചു.Share this News Now:
  • Google+
Like(s): 3.7K