28 May, 2019 07:21:24 AM


എം.ജി.സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് : ലോകമറിയുന്ന രസതന്ത്ര ശാസ്ത്രജ്ഞൻ




കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതനാവുന്നത് പോളിമർ കെമിസ്ട്രിയിലും നാനോസയൻസിലും ലോകമറിയുന്ന ശാസ്ത്രജ്ഞൻ. സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രൊഫസറായ ഡോ. സാബു തോമസ് ഇന്ത്യയിലെ മികച്ച അഞ്ചാമത്തെ പോളിമർ കെമിസ്ട്രി ശാസ്ത്രജ്ഞനാണ്. 125 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേർണലുകളിൽ ആയിരത്തിലധികം പബ്ലിക്കേഷനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് നിലവിൽ 41063 തവണ ഗവേഷണ പ്രബന്ധങ്ങളിലും മറ്റും അവലംബ വിധേയമായിട്ടുണ്ട്. ഗവേഷക മികവ് കണക്കാക്കുന്ന എച്ച്-ഇൻഡക്‌സ് 94 ആണ്. പ്രൊഫ. സാബു തോമസിനു കീഴിൽ 90 പേർ ഗവേഷണം പൂർത്തീകരിച്ചു.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല പ്രൊഫ. സാബു തോമസിന് 'പ്രൊഫസർ അറ്റ് ലൊറൈൻ' പദവി നൽകിയിരുന്നു.
മിശ്രസംയുക്ത പദാർത്ഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2017ൽ ലൊറൈൻ സർവകലാശാലയും 2015ൽ സൗത്ത് ബ്രിട്ട്‌നി സർവകലാശാലയും 'ഡോക്ടർ ഹൊണോറിസ് കോസ' പദവി നൽകി ആദരിച്ചിരുന്നു. 2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്‌കാരവും 2018ലെ മികച്ച അക്കാദമീഷ്യനുള്ള 'ട്രില' പുരസ്‌കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെല്ലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസർഷിപ്പും നേടിയിട്ടുണ്ട്. 2016ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എജ്യൂക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.
            ഖരഗ്പൂർ ഐ.ഐ.ടി.യിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1987ലാണ് എം.ജി. സർവകലാശാലയിൽ അധ്യാപകനായെത്തിയത്. നിലവിൽ വൈസ് ചാൻസലറുടെ ചുമതല വഹിച്ചിരുന്നു. മുമ്പ് പ്രോ വൈസ് ചാൻസലറായിരുന്നു.
സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസ് റീജണൽ ഡയറക്ടർ, എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം, ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസ് ഡീൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി വിവിധ സർവകലാശാലകളിൽ എറുഡേറ്റ് പ്രൊഫസറാണ്.
ദക്ഷിണാഫ്രിക്ക, ഇറ്റലി, ക്രൊയേഷ്യ, പോളണ്ട്, സ്വീഡൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാസ്ത്രസാങ്കേതിക വകുപ്പുകളുമായി ചേർന്ന് സംയുക്ത ഗവേഷണ പദ്ധതികൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ഫ്രാൻസ്, ഇസ്രയേൽ, അമേരിക്ക, സിംഗപ്പൂർ എന്നിവിടങ്ങളിലെ സർവകലാശാലകളുമായി സഹകരിച്ച് ഗവേഷണ പദ്ധതികൾ നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ 'സ്പാർക്ക്' പദ്ധതിയിലൂടെ എം.ജി.ക്ക് സഹായം ലഭ്യമാക്കുന്നതിന് മുൻകൈയ്യെടുത്തിട്ടുണ്ട്. പോളിമർ നാനോ കോമ്പോസിറ്റ്‌സ്, ബ്ലെൻഡ്‌സ്, ഗ്രീൻ ബയോ നാനോ ടെക്‌നോളജി, നാനോ ബയോമെഡിക്കൽ സയൻസ് എന്നീ മേഖലകളിൽ മികച്ച കണ്ടുപിടുത്തങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. അഞ്ച് പേറ്റന്റുകൾ സ്വന്തമായുണ്ട്.
കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും കാനഡ ലാവൽ യൂണിവേഴ്‌സിറ്റി, ബെൽജിയം കത്തോലിക്ക യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്ന് പോസ്റ്റ് ഡോക്ടറൽ റിസർച്ചും പൂർത്തീകരിച്ചു. മാന്നാനം കെ.ഇ. കോളേജിലെ പൂർവവിദ്യാർഥിയാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ആനി ജോർജാണ് ഭാര്യ. ഫ്രാൻസിലെ പാവ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി മാർട്ടിൻ ജോർജ് തോമസ്, ആസാം സിൽച്ചർ മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിനി ക്രിസ്റ്റീൻ റോസ് തോമസ് എന്നിവർ മക്കളാണ്.
 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K