14 May, 2019 09:07:17 AM


കടക്കാരെ പേടിച്ച് വീട്ടിൽ 'കള്ളനെ' കയറ്റി; സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതി കെട്ടുകഥ



കായംകുളം: പോലീസിനെ വട്ടംചുറ്റിച്ച സ്വര്‍ണ മോഷണം കെട്ടുകഥയെന്ന് പോലീസ്. ആളില്ലാത്ത വീട് കുത്തിത്തുറന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്ന പരാതിയാണ് കെട്ടുകഥയെന്ന് പോലീസ് വ്യക്തമാക്കിയത്. ചേരാവള്ളി ഇല്ലത്തു വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി സന്തോഷ്പവാറി(39)ന്റെ വീട്ടില്‍ നിന്നും അരക്കിലോ സ്വര്‍ണാഭരണങ്ങളും 1,25,000 രൂപയും മോഷണം പോയെന്നായിരുന്നു പരാതി.


കഴിഞ്ഞ നാലിന് രാത്രി സന്തോഷ്പവാറും കുടുംബവും ചേര്‍ത്തലയിലുള്ള ബന്ധുവീട്ടില്‍ പോയി രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയെത്തിയത്. വീടിന്റെ മുന്‍വശത്തെ കതക് കുത്തിത്തുറന്ന നിലയില്‍ കണ്ടുവെന്നും വീടിനുള്ളില്‍ കയറിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. മെത്തക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.


പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയെങ്കിലും തെളിവും ലഭിച്ചില്ല. പോലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കഥ കളവാണെന്ന് കണ്ടെത്തിയത്. അടുത്തിടെ ഇയാള്‍ 50 ലക്ഷത്തോളം രൂപ മുടക്കി വീട് വാങ്ങിയിരുന്നു. ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായി. കടക്കാരില്‍ നിന്നും രക്ഷപെടാനുള്ള തന്ത്രമായിരുന്നു മോഷണകഥ.


കടകളില്‍ നിന്നും സ്വര്‍ണം വാങ്ങി പണത്തിന് പകരം ആഭരണങ്ങള്‍ നല്‍കുകയായിരുന്നു ഇയാളുടെ പതിവ്. അക്ഷയതൃതീയയ്ക്ക് വില്‍ക്കാനായി ഇയാള്‍ക്ക് സ്വര്‍ണം നല്‍കിയ കടക്കാര്‍ പകരം ആഭരണങ്ങള്‍ ചോദിച്ചതോടെയാണ് ഇവരില്‍ നിന്നും രക്ഷപെടാന്‍ മോഷണകഥ ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K